
ബാലരാമപുരം: ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫെറോന തീർത്ഥാടന ദേവാലയ തിരുനാൾ ജനുവരി 17ന് കൊടിയേറി 26ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയോടെ സമാപിക്കും.ബാലരാമപുരം സെന്റ് സെബസ്ത്യാനോസ് ഓഡിറ്റോറിയത്തിൽ ചേർന്ന ആലോചനായോഗം എം.വിൻസെന്റ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്നു.ഇടവക വികാരി ഫാദർ വിക്ടർ എവരിസ്റ്റസ് ആമുഖപ്രസംഗം നടത്തി.ആരോഗ്യവകുപ്പ്,പൊലീസ്,കെ.എസ്.ആർ.ടി.സി,റവന്യൂ,ഫയർഫോഴ്സ്,പി.ഡബ്ളിയു.ഡി,വാട്ടർ അതോറിട്ടി,പഞ്ചായത്ത് തുടങ്ങിയ വകുപ്പുതല ഉദ്യോഗസ്ഥർ പങ്കെടുത്തു. തിരുനാൾ മുന്നൊരുക്കങ്ങൾ ഭംഗിയായി പൂർത്തീകരിക്കണമെന്നും വിവിധ വകുപ്പുകൾ സംയുക്തമായി തിരുനാൾ ആഘോഷം വിജയിപ്പിക്കണമെന്നും വിൻസെന്റ് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,മെമ്പർമാരായ ഫ്രെഡറിക് ഷാജി,എൽ.ജോസ്,ഇടവക വൈസ് പ്രസിഡന്റ് ബാസാനിയോ,ഇടവക കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ജനുവരി 17ന് വൈകിട്ട് 5ന് ഇടവക വികാരി വിക്ടർ എവരിസ്റ്റസ് തിരുനാൾ കൊടിയേറ്റ് നിർവഹിക്കും.തുടർന്ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രോപ്പൊലീത്ത ഡോ.തോമസ്.ജെ നെറ്റോ നേതൃത്വം നൽകും.25,26 തീയതികളിൽ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ ചപ്രപ്രദക്ഷിണം നടക്കും.26ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവേൽ മുഖ്യകാർമ്മികത്വം വഹിക്കും.17ന് സാംസ്കാരിക സമ്മേളനവും 20ന് സർവമതസമ്മേളനവും നടക്കും.