pic

ടെൽ അവീവ്: ഗാസ യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി. ജൂലായിൽ കൊല്ലപ്പെട്ടെന്ന് കരുതുന്ന ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിനെതിരെയും (ഇബ്രാഹിം അൽ-മസ്രി) വാറണ്ടുണ്ട്. ഗാസ യുദ്ധത്തിനിടെയിൽ ഇവർ യുദ്ധക്കുറ്റങ്ങൾ ചെയ്തെന്ന് കാട്ടിയാണ് നീക്കം.

ഹമാസ് മുൻ തലവൻമാരായ ഇസ്മയിൽ ഹനിയേ,​ യഹ്യാ സിൻവാർ എന്നിവർക്കെതിരെയും അറസ്റ്റ് വാറണ്ട് നീക്കം നടന്നിരുന്നു. എന്നാൽ ഇവർ കൊല്ലപ്പെട്ടതോടെ ഒഴിവാക്കി. ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേൽ പറയുന്നുണ്ടെങ്കിലും പ്രോസിക്യൂഷന് ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. കോടതി ഉത്തരവിനെതിരെ ഇസ്രയേൽ രംഗത്തെത്തി.

ഇസ്രയേലിനെ ബാധിക്കില്ല

1. കരാറിൽ ഒപ്പുവച്ച രാജ്യങ്ങളിൽ മാത്രമേ കോടതിക്ക് അധികാരമുള്ളൂ. കോടതിക്ക് സ്വന്തമായി പൊലീസില്ല

2. യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെയും അറസ്​റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

3. റഷ്യ, ഇസ്രയേൽ, യു.എസ്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ കോടതിയിലെ അംഗങ്ങളല്ല

4. വാറണ്ടുള്ള വ്യക്തികൾ കരാറിലൊപ്പിട്ട രാജ്യങ്ങളിൽ പ്രവേശിച്ചാൽ ചിലപ്പോൾ അറസ്​റ്റ് ചെയ്യപ്പെട്ടേക്കാം. അത് ആ രാജ്യങ്ങൾക്ക് തീരുമാനിക്കാം. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ തുടങ്ങി 125 അംഗങ്ങളുണ്ട്