crime

കണ്ണൂര്‍: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കണ്ണൂര്‍ കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ദിവ്യ. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് രാജേഷുമായി അകന്ന് കഴിയുകയായിരുന്നു ദിവ്യശ്രീ. സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി ദിവ്യശ്രീ. ഇതിനിടെയാണ് കയ്യില്‍ ആയുധവുമായി രാജേഷ് എത്തിയത്.

വീട്ടില്‍ അതിക്രമിച്ച് കടന്ന രാജേഷ് ദിവ്യശ്രീയുടെ കഴുത്തിലും മുഖത്തും വെട്ടുകയായിരുന്നു. ഇത് തടയാനെത്തിയ പിതാവ് വാസുവിനും വെട്ടേറ്റു. കൈക്കും വയറിനുമാണ് അദ്ദേഹത്തിന് വെട്ടേറ്റത്. ആക്രമത്തിന് ഇരയായ ദിവ്യശ്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മാരകമായി പരിക്കേറ്റ പിതാവ് വാസുവിനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഓട്ടോഡ്രൈവറാണ് ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്.

വിവാഹ ബന്ധത്തില്‍ രാജേഷിനും ദിവ്യശ്രീക്കും ഒരു കുട്ടിയുണ്ട്. ഏറെക്കാലമായി ഇരുവരും തമ്മില്‍ പിണങ്ങിയാണ് കഴിയുന്നതെങ്കിലും നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. ഇരുവരും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമായതോടെയാണ് ദിവ്യശ്രീ സ്വന്തം വീട്ടിലേക്ക് മാറി താമസിക്കാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പെട്ടെന്നുള്ള രാജേഷിന്റെ പ്രതികാരത്തിനും ആക്രമത്തിനും കാരണമെന്താണെന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിവ്യയുടേയും രാജേഷിന്റേയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്.