
വാഷിംഗ്ടൺ: കാലഹരണപ്പെട്ട ഫെഡറൽ പദ്ധതികൾക്കായി യു.എസ് കോൺഗ്രസ് 516 ബില്യൺ ഡോളർ അനുവദിച്ചെന്ന് റിപ്പോർട്ട്. നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച സർക്കാർ കമ്മിഷനായ ഡോഷിന്റെ ( DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി/ കാര്യക്ഷമതാ ഡിപ്പാർട്ട്മെന്റ്) എക്സ് അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഫെഡറൽ നിയമപ്രകാരം കാലഹരണപ്പെട്ട പദ്ധതികൾക്ക് 2024 സാമ്പത്തിക വർഷമാണ് യു.എസ് കോൺഗ്രസ് 516 ബില്യൺ ഡോളർ അനുവദിച്ചത്. കോൺഗ്രഷണൽ ബഡ്ജറ്റ് ഓഫീസിന്റേത് അടക്കം സർക്കാർ രേഖകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ഫണ്ടിൽ ഏകദേശം 320 ബില്യൺ ഡോളറോളം തുക ഒരു ദശാബ്ദം മുമ്പ് അംഗീകാരം കാലഹരണപ്പെട്ട പദ്ധതികൾക്കാണ് അനുവദിച്ചതെന്നും വ്യക്തമാക്കുന്നു. ഫെഡറൽ തലത്തിൽ അനാവശ്യമായി പണം വിനിയോഗിക്കുന്നെന്ന ട്രംപിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഡോഷിന്റെ കണ്ടെത്തൽ. നികുതി ദായകരുടെ പണം ഫലപ്രദമായും കാലികമായ നിയമ ചട്ടക്കൂടുകൾക്കും അനുസരിച്ച് ചെലവഴിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളും ഡോഷിന്റെ റിപ്പോർട്ടിന് പിന്നാലെ വ്യാപകമായി. സർക്കാർ ചെലവുകൾ സംബന്ധിച്ച സൂഷ്മപരിശോധനയ്ക്ക് വഴിവയ്ക്കുന്നതാണ് ഡോഷിന്റെ കണ്ടെത്തൽ.
ശതകോടീശ്വരൻ ഇലോൺ മസ്‌കിനെയും ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയേയും ആണ് ട്രംപ് ഡോഷിന്റെ മേധാവികളായി തിരഞ്ഞെടുത്തിട്ടുള്ളത്. സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക തുടങ്ങിയവയാണ് ഡോഷിന്റെ ദൗത്യങ്ങൾ. ജനുവരി 20ന് ട്രംപ് അധികാരമേറ്റ ശേഷം യു.എസ് കോൺഗ്രസിന്റെ അംഗീകാരത്തോടെ ഡോഷ് നിലവിൽ വരും.