
മുംബയ് : അമേരിക്കയിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ഗൗതം അദാനിക്കും മരുമകൻ സാഗർ അദാനിക്കുമെതിരെ കുറ്റപത്രം നൽകിയെന്ന  റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ വൻ തകർച്ച . അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ്, അദാനി സൊലൂഷൻസ് എന്നിവയുടെ ഓഹരി വില വ്യാപാരത്തിന്റെ തുടക്കത്തിൽ 20 ശതമാനം വരെ ഇടിഞ്ഞു. അദാനി എന്റർപ്രൈസസിന്റെ വില 22.61 ശതമാനം ഇടിവോടെ 2,183.65 രൂപയിലെത്തി. 
അംബുജ സിമന്റ്സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അദാനി പവർ, എൻ.ഡി.ടി.വി, എ.സി.സി എന്നിവയുടെയും ഓഹരികൾ മൂക്കുകുത്തി. അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരി വിലയും ഇടിഞ്ഞു. അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തിൽ 2.24 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ഗൗതം അദാനിയുടെ ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയിലധികം ഇടിവാണുണ്ടായത്. ഹിണ്ടൻബെർഗ് ആരോപണത്തിന് ശേഷം ഒരു ദിവസം അദാനി ഗ്രൂപ്പ് കമ്പനികളിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.
അദാനി ഗ്രൂപ്പിലെ പ്രമുഖ നിക്ഷേപകരായ സി.ജി.ക്യുവിന്റെ ഓഹരി വിലയിലും കനത്ത ഇടിവുണ്ടായി.  ഹിണ്ടൻബെർഗ് ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പ് വലിയ തിരിച്ചടി നേരിട്ടപ്പോൾ രക്ഷകരായി രംഗത്തെത്തിയത് സി.ജി.ക്യു ആയിരുന്നു. അദാനി ഗ്രൂപ്പിന്റെ റേറ്റിംഗ് പ്രമുഖ ധനകാര്യ ഏജൻസീസായ മൂഡീസ് കുറച്ചതും വിപണിയിൽ തിരിച്ചടി സൃഷ്ടിച്ചു. പ്രതികൂല വാർത്തകൾ രൂക്ഷമായതോടെ വിപണിയിൽ നിന്ന് 60 കോടി ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്ന കടപ്പത്ര വിൽപ്പന അദാനി ഗ്രൂപ്പ് റദ്ദാക്കി.
 ആരോപണങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലും കനത്ത ഇടിവുണ്ടാക്കി. സെൻസെക്സ് 422.59 പോയിന്റ് നഷ്ടത്തോടെ 77,155.79ൽ അവസാനിച്ചു. നിഫ്റ്റി 168.86 പോയിന്റ് ഇടിഞ്ഞ് 23,349.90ൽ എത്തി. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഭ്യന്തര ഫണ്ടുകൾ വിട്ടുനിന്നതും വിൽപ്പന സമ്മർദ്ദം ശക്തമാക്കി.