sewag-son

ഷില്ലോംഗ് : ഇന്ത്യയ്ക്ക് വേണ്ടി ഇരട്ട സെഞ്ച്വറികളും ട്രിപ്പിൾ സെഞ്ച്വറികളും അടിച്ചുകൂട്ടിയിട്ടുള്ള വെടിക്കെട്ട് ബാറ്റർ വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീറും അച്ഛന്റെ വഴിയേ. കുച്ച് ബിഹർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഡൽഹി ‌‌ടീമിന് വേണ്ടി കളിക്കുന്ന 15കാരനായ ആര്യവീർ മേഘാലയയ്ക്ക് എതിരെ ഇരട്ട സെഞ്ച്വറി നേടിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.

മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത് മേഘാലയ 260 റൺസിന് ആൾഔട്ടായിരുന്നു. മറുപടിക്കിറങ്ങിയ ഡൽഹി 468/2 എന്ന നിലയിലാണ്. അച്ഛനെപ്പോലെ ഓപ്പണറായി ഇറങ്ങിയ ആര്യവീർ 229 പന്തുകൾ നേരിട്ട് 34 ബൗണ്ടറികളും രണ്ട് സിക്സുകളുമടക്കം 200 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. അർണവി (114)നാെപ്പം ഓപ്പണിംഗിൽ 180 റൺസിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. കഴിഞ്ഞമാസം വിനൂ മങ്കാദ് ട്രോഫിയിൽ മണിപ്പൂരിനെതിരെ 49 റൺസടിച്ചാണ് ആര്യവീർ ഡൽഹിക്ക് വേണ്ടി അരങ്ങേറിയത്.

ഐ.പി.എൽ ടീമിൽ കളിക്കണമെന്നാണ് മകന്റെ മോഹമെന്ന് അടുത്തിടെ സെവാഗ് ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.