
കീവ്: രാജ്യത്തേക്ക് പാശ്ചാത്യ മിസൈലുകൾ പ്രയോഗിച്ച യുക്രെയിന് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐ.സി.ബി.എം) അയച്ച് റഷ്യയുടെ മറുപടി. ഇതോടെ സംഘർഷം ആണവയുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ഭീതി ശക്തമായി. ഇന്നലെ പുലർച്ചെ തെക്കു കിഴക്കൻ യുക്രെയിനിലെ നിപ്രോയ്ക്ക് നേരെയായിരുന്നു ആക്രമണം. രണ്ട് പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും വ്യവസായ കേന്ദ്രവും തകർന്നു. തെക്കൻ ആസ്ട്രാഖനിൽ നിന്നാണ് റഷ്യ മിസൈൽ വിക്ഷേപിച്ചതെന്നും ഐ.സി.ബി.എമ്മാണ് ഉപയോഗിച്ചതെന്നും യുക്രെയിൻ സൈന്യം സ്ഥിരീകരിച്ചു. ആറ് ക്രൂസ് മിസൈലുകളെ തകർത്തെന്ന് അവകാശപ്പെട്ടെങ്കിലും ഐ.സി.ബി.എമ്മിനെ വെടിവച്ചിട്ടോ എന്ന് വ്യക്തമാക്കിയില്ല. എന്നാൽ, യുക്രെയിന്റെ വാദം തെറ്റാണെന്നും റഷ്യൻ ബാലിസ്റ്റിക് മിസൈലാണ് നിപ്രോയിൽ പതിച്ചതെന്നും പാശ്ചാത്യ ഉദ്യോഗസ്ഥർ പറയുന്നു. ഇതിനിടെ, യുക്രെയിന്റെ അയൽരാജ്യമായ പോളണ്ട് വ്യോമപ്രതിരോധം ശക്തമാക്കി.
ആളിക്കത്തി രോഷം
യു.എസും യു.കെയും നൽകിയ ദീർഘദൂര മിസൈലുകൾ കഴിഞ്ഞ ദിവസങ്ങളിൽ യുക്രെയിൻ റഷ്യൻ അതിർത്തി പ്രദേശങ്ങളിൽ പ്രയോഗിച്ചിരുന്നു. ഇതോടെ യുക്രെയിൻ നഗരങ്ങളിൽ റഷ്യ വമ്പൻ വ്യോമാക്രമണം നടത്തുമെന്ന സൂചനയും പുറത്തുവന്നു. യു.എസ്, ഇറ്റലി, സ്‌പെയിൻ, ഗ്രീസ് രാജ്യങ്ങളുടെ കീവിലെ എംബസികൾ താത്കാലികമായി അടച്ചു. ഇന്നലെ രണ്ട് ബ്രിട്ടീഷ് നിർമ്മിത സ്റ്റോം ഷാഡോ മിസൈലുകൾ റഷ്യ തകർത്തിരുന്നു. പാശ്ചാത്യ ആയുധങ്ങൾ അതിർത്തിയിൽ പ്രയോഗിച്ചാൽ ആണവായുധങ്ങൾ പുറത്തെടുക്കാൻ മടിക്കില്ലെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.
# ആരോപണം ശരിയോ?
യുക്രെയിന്റെ ആരോപണം ശരിയെങ്കിൽ ആദ്യമായാണ് ഒരു രാജ്യം യുദ്ധ ഭൂമിയിൽ ഐ.സി.ബി.എം പ്രയോഗിക്കുന്നത്. ബാഹ്യ ആക്രമണങ്ങളെ ആണവായുധങ്ങളാൽ നേരിടാൻ അനുവദിക്കുന്ന പരിഷ്‌കരിച്ച ആണവ നയത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടുത്തിടെ അംഗീകാരം നൽകിയിരുന്നു.
# 'ഒറെഷ്‌നിക്" എന്ന് പുട്ടിൻ
അതേ സമയം, നിപ്രോയിൽ പ്രയോഗിച്ചത് ഐ.സി.ബി.എം അല്ലെന്നും 'ഒറെഷ്‌നിക്" എന്ന പുത്തൻ മദ്ധ്യദൂര ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രതികരിച്ചു. ഇന്നലെ രാത്രി ടെലിവിഷൻ അഭിസംബോധനയ്ക്കിടെയായിരുന്നു പുട്ടിന്റെ പരാമർശം.
സെക്കൻഡിൽ 3 കിലോമീറ്റർ വരെ വേഗതയുള്ള ഒറെഷ്‌നികിനെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് തടുക്കാനാകില്ലെന്നും അവകാശപ്പെട്ടു. യുക്രെയിൻ ഏത് രാജ്യത്തിന്റെ ആയുധമുപയോഗിച്ചാണോ തങ്ങളെ ആക്രമിക്കുന്നത്, ആ രാജ്യത്തിന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് പുട്ടിൻ മുന്നറിയിപ്പും നൽകി.