
ന്യൂയോർക്ക്: ആഗോള ടെക് ഭീമനായ ഗൂഗിളിനെയും ക്രോം വെബ് ബ്രൗസറിനെയും രണ്ടായി വിഭജിക്കണമെന്ന ആവശ്യവുമായി യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് കോടതിയിൽ. ഓൺലൈൻ സെർച്ച് വിപണിയിൽ ഗൂഗിളിന്റെ കുത്തകവത്കരണം തടയണമെന്ന ഡിസ്ട്രിക്ട് ഒഫ് കൊളംബിയ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നീക്കം.
ക്രോമിനെ വിൽക്കാൻ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിനോട് ആവശ്യപ്പെടണമെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ആവശ്യം.
സ്മാർട്ട്ഫോണുകളിലെ സ്ഥിര സെർച്ച് എൻജിനായുള്ള ഗൂഗിളിന്റെ ഉടമ്പടി അവസാനിപ്പിക്കണമെന്നും ആൻഡ്രോയിഡ് വിൽക്കാൻ ഗൂഗിളിനോട് ആവശ്യപ്പെടണമെന്നുമുള്ള നിർദ്ദേശങ്ങളും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേ സമയം, ഗൂഗിളിനെ വിഭജിക്കാൻ കോടതി ഉത്തരവിട്ടാലും കാര്യങ്ങൾ എളുപ്പമാകില്ല. ഗൂഗിൾ അപ്പീലുമായി നീങ്ങുന്നതോടെ കേസ് സുപ്രീംകോടതിയിലെത്തും.