
അബുദാബി: മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് സെപ്റ്റംബറിലെ പാദഫലം പുറത്തുവിട്ടു. ലുലു റീട്ടെയ്ല്‍ ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ നേടിയ ആകെ വരുമാനം 15,700 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ ഇതേക്കാലയളവിലെ പാദഫലത്തെ അപേക്ഷിച്ച് 6.1 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്. നികുതി, പലിശ തുടങ്ങിയവയ്ക്കു മുമ്പുള്ള ലാഭത്തില്‍ 9.9 ശതമാനം വര്‍ദ്ധിച്ച് 1,485 കോടി രൂപയായി. ഈ പാദത്തില്‍ കൂടുതല്‍ സ്റ്റോറുകള്‍ ജി.സി.സി രാജ്യങ്ങളില്‍ തുറക്കാനും കമ്പനിക്ക് സാധിച്ചത് നേട്ടമായി.
മലയാളി വ്യവസായിയുടെ വരുമാനത്തില്‍ ഏറിയ പങ്കും യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് എന്ന സവിശേഷതയുമുണ്ട്. ഈ രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ലുലു ഗ്രൂപ്പ് നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ മറ്റ് രാജ്യങ്ങളിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഏകോപിപ്പിക്കാനും കമ്പനിക്ക് കഴിയുന്നതും വന്‍ നേട്ടത്തിന് പിന്നിലെ കാരണങ്ങളാണ്. യുഎഇയില്‍ നിന്ന് ലുലു ഗ്രൂപ്പിന് ലഭിക്കുന്ന വരുമാന വിഹിതത്തില്‍ ഏഴ് ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തി. സൗദി അറേബ്യയില്‍ നിന്നാകട്ടെ ഇത് 5.7 ശതമാനമാണ്.
ഈ വര്‍ഷം 17 പുതിയ സ്റ്റോറുകളാണ് തുറന്നത്. എന്നാല്‍ കഴിഞ്ഞ പാദം വരെ ഇത് 12 എണ്ണമാണ്. അഞ്ച് സ്റ്റോറുകള്‍ തുറന്നത് സെപ്റ്റംബര്‍ മാസം പിന്നിട്ട ശേഷമാണ്. ആകെ 17 പുതിയ സ്റ്റോറുകള്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിച്ചതില്‍ അഞ്ച് സ്റ്റോറുകള്‍ സൗദി അറേബ്യയിലാണ്. ഏറ്റവും കൂടുതല്‍ പുതിയ സ്റ്റോറുകള്‍ തുറന്നതും ഇവിടെ തന്നെയാണ്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 4.3 ശതമാനവും ഇ-കൊമേഴ്‌സ് രംഗത്ത് നിന്നാണ്. ഈ വര്‍ഷം മാത്രം 2000 കോടിയോളം രൂപയാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വരുമാനം.
ജി.സി.സി രാജ്യങ്ങളില്‍ 116 ഹൈപ്പര്‍മാര്‍ക്കറ്റുകളും 102 എക്സ്പ്രസ് സ്റ്റോറുകളും 22 മിനി മാര്‍ക്കറ്റുകളും ലുലുവിനുണ്ട്. യു.എ.ഇയില്‍ 103 സ്റ്റോറുകളും സൗദി അറേബ്യയില്‍ 56 സ്റ്റോറുകളും, കുവൈറ്റ്, ഒമാന്‍, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളിലായി 81 സ്റ്റോറുകളും ലുലുവിനുണ്ട്. ഇ-കൊമേഴ്‌സ് രംഗത്ത് ലാഭ വിഹിതം 83 ശതമാനത്തോളം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വരും വര്‍ഷങ്ങളില്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് കമ്പനിയുടെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.