crime

മലപ്പുറം: കോടതിയിലെ നടപടിക്രമങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് റീല്‍സിട്ട യുവാവ് അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. ഒമാനൂര്‍ സ്വദേശി മന്‍സൂര്‍ അലി (24)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് മന്‍സൂര്‍ പകര്‍ത്തുകയും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തത്.

തന്റെ പേരിലുള്ള ഒരു കേസുമായി ബന്ധപ്പെട്ടാണ് മന്‍സൂര്‍ അലി കോടതിയില്‍ എത്തിയത്. ഇതിനിടെയാണ് കോടതി നപടിക്രമങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഇതിന് പുറമേ കോടതിയിലെ വനിതാ ജീവനക്കാരുടെ ദൃശ്യങ്ങളും ഇയാള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ മലപ്പുറം പൊലീസ് യുവാവിനെതിരെ കേസെടുക്കുകയായിരുന്നു.

കേരള പൊലീസ് ആക്ടിലെ 120(0), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ 67 വകുപ്പ്, ഭാരതീയ ന്യായ സന്‍ഹിത 73, 78 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.