poultry-farm

നെടുമങ്ങാട്: ബ്രോയിലര്‍ കോഴികളില്‍ ആന്റിബയോട്ടിക്, കൃത്രിമ ഹോര്‍മോണ്‍ ഉപയോഗം വ്യാപകമാണെന്ന പ്രചാരണത്തില്‍ ബാലന്‍സ് തെറ്റി പൗള്‍ട്രിഫാം മേഖല. ഇറച്ചിക്കോഴിയുടെ വില കുത്തനെ കുറച്ച് തമിഴ്‌നാട്ടിലെ വന്‍കിട കോഴി ഫാം ലോബികള്‍ കേരളത്തില്‍ സ്വന്തമായി കോഴിവളര്‍ത്തുന്നവരെ പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് ബ്രോയിലര്‍ കോഴികളെ ഹോര്‍മോണ്‍ കുത്തിവച്ച് വലുതാക്കുന്നു എന്ന പ്രചാരണം. രണ്ടാഴ്ചയിലേറെയായി കോഴിവില്‍പ്പനയില്‍ ഗണ്യമായ കുറവാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.


പ്രതിദിനം അറുപതിനായിരത്തോളം കോഴികളുടെ വില്പന നടന്നിരുന്ന തലസ്ഥാന ജില്ലയില്‍ ഇപ്പോള്‍ നേര്‍പകുതിയായി.വായ്പയെടുത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പല ഫാമുകളും മുടക്കുമുതല്‍ പോലും ലഭിക്കാതെ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. ഉത്പാദന ചെലവിന്റെ പകുതിയും തിരികെ ലഭിക്കുന്നില്ല.


ചെറുകിട കര്‍ഷകര്‍ക്ക് തിരിച്ചടിയായി

സാഹചര്യം മുതലാക്കി ഫാമുകള്‍ ഏറ്റെടുത്തു നടത്താന്‍ തമിഴ്‌നാട്,കര്‍ണാടക ലോബികളും ചില സ്വകാര്യ കമ്പനികളും രംഗത്തിറങ്ങിയിട്ടുണ്ട്. വന്‍തോതില്‍ കോഴിക്കുഞ്ഞുങ്ങള്‍ ഇറക്കുമതി ചെയ്ത് നാട്ടിലെ കര്‍ഷകരുടെ പള്ളയ്ക്കടിക്കുകയാണ് ഇത്തരം ലോബികള്‍. ഇവരുടെ ബ്രോയിലര്‍ ഫാമുകളില്‍ ആന്റിബയോട്ടിക്കുകള്‍, ഗ്രോത്ത് പ്രൊമോട്ടറുകള്‍ തുടങ്ങിയ മരുന്നുകളുടെ അനിയന്ത്രിത ഉപയോഗവും നടക്കുന്നുണ്ട്. ഇതിനെ മറയാക്കിയാണ് പ്രചാരണമെങ്കിലും പ്രതിസന്ധിയിലായത് രണ്ടും മൂന്നും സെന്റ് സ്ഥലത്ത് ശാസ്ത്രീയമായി കോഴിവളര്‍ത്തല്‍ കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരാണ്.


വരവിന്റെ ഇരട്ടി ഉത്പാദനച്ചെലവ്

44 രൂപയാണ് ഇപ്പോള്‍ കോഴിവില. ഒരു കിലോ കോഴി ഉത്പാദിപ്പിക്കാന്‍ 105 രൂപയാണ് ചെലവ്. ഒരു കോഴിക്ക് 2.100 കി.ഗ്രാമാണ് പരമാവധി തൂക്കം.കോഴി വളര്‍ച്ചയ്ക്ക് മൂന്നര കിലോ തീറ്റ വേണമെന്നാണ് കണക്ക്. ഒരുകിലോ തീറ്റ വില മാത്രം 44 രൂപയാവും.വൈദുതി,വെള്ളം,നിലത്തു വിരിക്കാനുള്ള മരപ്പൊടി ഇതിനെല്ലാം വിലവര്‍ദ്ധനവാണ്. വണ്‍ടൈം ടാക്‌സ്, ലേബര്‍ ടാക്‌സ്, ബില്‍ഡിംഗ് ടാക്‌സ് തുടങ്ങി ഭീമമായ തുക നികുതിയിനത്തിലും ചെലവാകും.കമ്മിഷന്‍ വ്യവസ്ഥയില്‍ ബ്രോയിലര്‍ കോഴികളെ വളര്‍ത്തുന്നവര്‍ക്ക് 20 വര്‍ഷം മുന്‍പ് നിശ്ചയിച്ച നിരക്കാണ് ഇപ്പോഴും ലഭിക്കുന്നത്.


കോഴിഫാം മേഖലയെ കേന്ദ്ര സര്‍ക്കാര്‍ കൃഷിയായി അംഗീകരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന ഗവണ്മെന്റ് ആശ്വാസ നടപടികള്‍ കൈക്കൊള്ളുന്നതില്‍ തികഞ്ഞ അവഗണന പുലര്‍ത്തുന്നതായാണ് കര്‍ഷകരുടെ പരാതി.


കോഴിവളര്‍ത്തല്‍ മേഖലയെ സംസ്ഥാന സര്‍ക്കാര്‍ കൃഷിയായി അംഗീകരിക്കണം. എല്ലാവിധ നികുതികളും ഒഴിവാക്കണം.തമിഴ്‌നാട്,കര്‍ണാടക കോഴിഫാം ലോബികളുടെ അനധികൃത കോഴി ഇറക്കുമതി അടിയന്തരമായി തടയണം.ബ്രോയിലര്‍ കോഴികളെ വളര്‍ത്തുന്നവര്‍ക്ക് കമ്മിഷന്‍ കിലോയ്ക്ക് മിനിമം 10രൂപയാക്കണം'' - പ്രിന്‍സ്.എം.വിതുര (പ്രസിഡന്റ്, പൗള്‍ട്രി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍)