national-highway

പറവൂര്‍: ദേശീയപാത 66ന്റെ നിര്‍മ്മാണത്തിനായുള്ള മണ്ണിന്റെ ലഭ്യതയ്ക്ക് തടസം നേരിടുന്നത് നിര്‍മ്മാണ പ്രവൃത്തികളെ പ്രതികൂലമായി ബാധിക്കുന്നു. 2025 ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കിലും ഈ അവസ്ഥയില്‍ മൂത്തകുന്നം - ഇടപ്പിള്ളി റീച്ച് നിര്‍മ്മാണം നീളാനാണ് സാദ്ധ്യത. നിലവില്‍ 49 ശതമാനം ജോലികള്‍ പൂര്‍ത്തിയായെങ്കിലും പാലങ്ങള്‍, ഓവര്‍ ബ്രിഡ്ജുകള്‍, റോഡ് നിര്‍മ്മാണം തുടങ്ങിയവ ഇനിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

മൂവാറ്റുപുഴ, കുന്നത്തുനാട് തുടങ്ങിയ മേഖലകളില്‍ നിന്ന് മണ്ണ് എടുക്കാനാണ് കരാര്‍ കമ്പനിയായ ഓറിയന്റല്‍ സ്ട്രക്ചറല്‍ പ്രൈവറ്റ് ലിമിറ്റഡിന് അനുവാദം ലഭിച്ചിരുന്നത്. ദേശീയപാത നിര്‍മാണത്തിന് മണ്ണെടുക്കാന്‍ പരിസ്ഥിതി ക്ലിയറന്‍സ് വേണ്ടെന്ന സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും മണ്ണ് എടുക്കുന്നതിന് പ്രാദേശികമായ എതിര്‍പ്പ് ഉണ്ടായെന്നും ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

2022 ഒക്ടോബറില്‍ ആരംഭിച്ച നിര്‍മാണം 910 ദിവസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. മണ്ണും കല്ല് എടുക്കാനുള്ള ക്വാറിയും ലഭിക്കാനുണ്ടായ കാലതാമസം നിര്‍മ്മാണത്തെ പിന്നോട്ടടിച്ചു. ക്വാറി കിട്ടാത്തതിനാല്‍ കരാര്‍ കമ്പനി ചാലക്കുടിയില്‍ സജ്ജീകരിച്ച ക്രഷര്‍ പ്രവര്‍ത്തിപ്പിക്കാനും കഴിഞ്ഞില്ല. നിലവില്‍, ക്വാറി ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. മണ്ണിന്റെ കാര്യത്തിലാണ് പ്രതിസന്ധി രൂക്ഷം. മഴക്കാലം വന്നപ്പോള്‍ മന്ദഗതിയിലായ ദേശീയപാത നിര്‍മാണം കഴിഞ്ഞ മാസമാണ് വീണ്ടും സജീവമായത്. മണ്ണ് ലഭ്യമായില്ലെങ്കില്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകും. പ്രതിസന്ധി പരിഹരിക്കാന്‍ അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ നാടിന്റെ സ്വപ്നപദ്ധതി ഇനിയുമേറെ വൈകാനാണ് സാദ്ധ്യത.