crime

പത്തനംതിട്ട: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണം നേരിടുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മരണപ്പെട്ട തിരുവനന്തപുരം സ്വദേശി അമ്മു എ സജീവിന്റെ ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളേജിലെ സഹപാഠികളാണ് പൊലീസ് കസ്റ്റഡിയിലായത്. വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് സാദ്ധ്യത. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ഈ മാസം 15ന് ആണ് അമ്മു ജീവനൊടുക്കിയത്.

തിരുവനന്തപുരം അയിരൂപ്പാറ സ്വദേശികളായ സജീവിന്റേയും രാധാമണിയുടേയും മകളാണ് അമ്മു (22). സഹപാഠികളില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ ആദ്യം മുതല്‍ ആരോപിച്ചിരുന്നു. പ്രശ്നങ്ങള്‍ സംബന്ധിച്ച് കൃത്യമായ പരാതി നല്‍കിയെങ്കിലും കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ആവശ്യമുള്ള ഇടപെടലുകളുണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

അമ്മു കെട്ടിടത്തില്‍ നിന്നു ചാടിയെന്ന് നാലരയോടെ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളജില്‍നിന്നു പറഞ്ഞതെന്ന് കുടുംബം പറയുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അമ്മുവിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് 5.15ന് ആണ്. രണ്ടര കിലോമീറ്റര്‍ ദൂരമാണ് ജനറല്‍ ആശുപത്രി വരെയുള്ളത്. എന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ അരമണിക്കൂറിലധികം എടുത്തുവെന്നത് ദുരൂഹമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഒന്നരമണിക്കൂറോളം ജനറല്‍ ആശുപത്രിയില്‍ കിടത്തിയ ശേഷം സൗകര്യങ്ങളില്ലാത്തതിനാല്‍ 108 ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചെന്നും പറയുന്നു. എന്തുകൊണ്ടാണ് ഇത് വൈകിയതെന്ന് അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അമ്മുവിന് സഹപാഠികളായ മൂന്നുപേരില്‍ നിന്ന് കടുത്ത മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ക്ലാസിലും ഹോസ്റ്റലിലും നിരന്തരം ഈ വിദ്യാര്‍ത്ഥിനികള്‍ പ്രശ്നങ്ങളുണ്ടാക്കി.

ടൂര്‍ കോര്‍ഡിനേറ്ററായി അമ്മുവിനെ ചുമതലപ്പെടുത്തിയതും ഇവര്‍ എതിര്‍ത്തു. ഇത് ചൂണ്ടിക്കാട്ടി അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുകയാണ്. മൂന്ന് വിദ്യാര്‍ത്ഥിനികളും അമ്മുവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് കഴിഞ്ഞദിവസം അദ്ധ്യാപകര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നുവെന്നും എന്നാലിത് കോളേജിനുള്ളില്‍ തന്നെ പരിഹരിച്ചിരുന്നുവെന്നാണ് അമ്മുവിന്റെ ക്ലാസ് ടീച്ചര്‍ പൊലീസിനോട് പറഞ്ഞത്. ലോഗ് ബുക്ക് കാണാതായതും ടൂര്‍ കോര്‍ഡിനേറ്ററായി അമ്മുവിനെ തിരഞ്ഞെടുത്തതും വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കിയതായി കോളേജ് പ്രിന്‍സിപ്പലും മൊഴി നല്‍കിയിട്ടുണ്ട്.