
മലപ്പുറം: ജുവലറി പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണം കവർന്നു. ജുവലറി ഉടമസ്ഥരായ കിനാതിയിൽ യൂസഫിനെയും ഷാനവാസിനെയുമാണ് മോഷ്ടാക്കൾ ആക്രമിച്ചത്. ഇന്നലെ രാത്രി സ്‌കൂട്ടറിൽ മടങ്ങവേയായിരുന്നു സംഭവം.
കാറിലെത്തിയ നാലംഗ സംഘം സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി സ്വർണം കവരുകയായിരുന്നു. മുഖംമൂടി ധരിച്ചാണ് മോഷ്‌ടാക്കളെത്തിയത്. വീടെത്തുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് കവർച്ച നടന്നത്. പ്രതികൾ കാറിൽ നിന്നിറങ്ങി, യൂസഫിനും ഷാനവാസിനും നേരെ പെപ്പർ സ്‌പ്രേ അടിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ച യൂസഫിനെ മർദിക്കുകയും ചെയ്തു. ശേഷം കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചുവാങ്ങി, സ്കൂട്ടറിന്റെ സീറ്റിനടിയിലുള്ള മറ്റൊരു ബാഗുമെടുത്ത് സംഘം സ്ഥലം വിടുകയായിരുന്നു.
ജുവലറി പൂട്ടി മടങ്ങുമ്പോൾ തന്നെ കാർ തങ്ങളെ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് ജുവലറി ഉടമസ്ഥർ വ്യക്തമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യൂസഫ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.