lijin

മലപ്പുറം: ജുവലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ നാല് പേർ കസ്റ്റഡിയിൽ. കണ്ണൂർ സ്വദേശികളായ ലിജിൻ രാജൻ, പ്രബിൻലാൽ, തൃശൂർ സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് പിടിയിലായത്. തൃശൂർ ഈസ്റ്റ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

നാല് പേരെയും ചോദ്യം ചെയ്തുവരികയാണ്. സ്വർണം കണ്ടെത്താനായിട്ടില്ല. സംഘത്തിൽ അഞ്ച് പേർ കൂടിയുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ടേകാൽ കോടിയുടെ സ്വർ‌ണമാണ് കവർച്ച ചെയ്യപ്പെട്ടത്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് തെരച്ചിൽ നടത്തുന്നത്.

ഇന്നലെ രാത്രിയാണ് ജുവലറി പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരങ്ങളെ ആക്രമിച്ച് പ്രതികൾ മൂന്നരക്കിലോ സ്വർണം കവർന്നത്. ജുവലറി ഉടമസ്ഥരായ കിനാതിയിൽ യൂസഫിനെയും ഷാനവാസിനെയുമാണ് ആക്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘം ഉടമകൾ സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി സ്വർണം കവരുകയായിരുന്നു.

പ്രതികൾ കാറിൽ നിന്നിറങ്ങി, യൂസഫിനും ഷാനവാസിനും നേരെ പെപ്പർ സ്‌പ്രേ അടിച്ചു. പ്രതിരോധിക്കാൻ ശ്രമിച്ച യൂസഫിനെ മർദിക്കുകയും ചെയ്തു. ശേഷം കൈയിലുണ്ടായിരുന്ന ബാഗ് പിടിച്ചുവാങ്ങി, സ്കൂട്ടറിന്റെ സീറ്റിനടിയിലുള്ള മറ്റൊരു ബാഗുമെടുത്ത് സംഘം സ്ഥലം വിടുകയായിരുന്നു. മുഖംമൂടി ധരിച്ചാണ് മോഷ്‌ടാക്കളെത്തിയത്. വീടെത്തുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് കവർച്ച നടന്നത്.

ജുവലറിയിൽ സുരക്ഷ കുറവായതിനാലാണ് സ്വർണം വീട്ടിലേക്ക് കൊണ്ടുപോകുന്നതെന്ന് യൂസഫ് പറഞ്ഞു. മൂന്ന് പേർ ആക്രമണം നടത്തുകയും ഒരാൾ കാറിലിരിക്കുകയുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.