cctv-footage

ന്യൂഡൽഹി: കുട്ടികൾ തമ്മിലുള്ള വഴക്കിനിടെ തോക്ക് ചൂണ്ടിയ പിതാവ് അറസ്റ്റിൽ. ഡൽഹിയിൽ ഗുരുഗ്രാമിലെ ലഗൂൺ അപ്പാർട്ട്‌മെന്റിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഫുട്‌ബോൾ കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. തുടർന്ന് ഇതിലെ ഒരു കുട്ടിയുടെ പിതാവാണ് അപ്പാർ‌ട്ട്‌മെന്റിലെ പാർക്കിൽ മറ്റെ കുട്ടിക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തോക്ക് ചൂണ്ടിയത് മദ്യവ്യാപാരിയായ സച്ച്ദേവയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. കുട്ടിയുടെ നേരെ തോക്ക് ചൂണ്ടിയ സച്ച്‌ദേവയെ സ്ഥലത്തെത്തിയ ഭാര്യ ബലം പ്രയോഗിച്ച് മാറ്റുന്നതും പുറത്തുവന്ന വീഡിയോയിൽ ഉണ്ട്.

12 വയസുള്ള തന്റെ മകൻ സച്ച്‌ദേവയുടെ മകനോടൊപ്പം കളിക്കുന്നത് കരൺ ലോഹ്യ കണ്ടിരുന്നു. വഴക്കിനിടെ സച്ച്ദേവിന്റെ മകൻ തിരിച്ച് വീട്ടിലെത്തി പിതാവിനോട് ഇക്കാര്യം പറഞ്ഞു. തുടർന്നാണ് പ്രതി തോക്കുമായെത്തി ഭീഷണിപ്പെടുത്തിയത്. ഫ്ളാറ്റിലെ ആറാം നിലയിലെ ബാൽക്കണിയിൽ നിന്ന് കരൺ ലോഹ്യയുടെ ഭാര്യയും ഇത് കണ്ടിരുന്നു. അവർ സച്ച്ദേവനോട് മകനെ ഉപദ്രവിക്കരുതെന്ന് നിലവിളിച്ച് കരഞ്ഞതായും ലോഹ്യ പറഞ്ഞു.

സംഭവത്തിൽ മകന് മാനസികാഘാതമുണ്ടായെന്നും ഇപ്പോൾ പുറത്ത് കളിക്കാൻ പോകാൻ താൽപര്യമില്ലെന്നും ലോഹ്യ പറയുന്നു. ആരോപണവിധേയനായ മദ്യവ്യാപാരിയെ അറസ്റ്റ് ചെയ്യുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും അവർ വ്യക്തമാക്കി.