banana

2019ൽ കലാലോകത്തെ തന്നെ ഞെട്ടിച്ച ഒരു പ്രദർശനം നടന്നിരുന്നു. അന്ന് പ്രശസ്‌ത ഹാസ്യ കലാകാരനായ മൗറീഷ്യോ കാറ്റലനായിരുന്നു ആ കലാസൃഷ്‌ടിയുടെ ഉടമ. കറുത്ത ടേപ്പ് ഉപയോഗിച്ച് ചുമരിൽ ഒട്ടിച്ചിരുന്ന ഒരു വാഴപ്പഴം ആയിരുന്നു അത്. ' ഹാസ്യനടൻ' എന്നാണ് മൗറീഷ്യോ അതിന് പേരിട്ടിരുന്നത്. 'കോൺസെപ്‌ച്വൽ ആർട്ട്' എന്ന ഗണത്തിൽപ്പെട്ട ഈ കലാസൃഷ്‌ടി അന്ന് ലോകം മുഴുവൻ ശ്രദ്ധനേടി.

അന്ന് നിസാരമായ പണം നൽകി മിയാമിയിലെ ഒരു പലചരക്ക് കടയിൽ നിന്നാണ് ആ വാഴപ്പഴം മൗറീഷ്യോ വാങ്ങിയത്. പിന്നീട് ഇത് ലേലത്തിൽ വിറ്റത് 35 ഡോളറിനായിരുന്നു (2,958 രൂപ). അജ്ഞാതനായ ഒരു കലാസ്വാദകനാണ് ഇത് സ്വന്തമാക്കിയത്. എന്നാൽ, അഞ്ച് വർഷങ്ങൾക്ക് ശേഷം, ഈ പഴത്തോടൊപ്പം പതിച്ചിരുന്ന കലാസൃഷ്‌ടിയെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റർ ലേലത്തിൽ വച്ചപ്പോൾ ഇന്നുവരെ കേട്ടിട്ടില്ലാത്ത വിലയാണ് ലഭിച്ചത്. 6.2 മില്യൻ ഡോളർ അതായത് 52.4 കോടി രൂപ.

നവംബ‌ർ 20 ബുധനാഴ്‌ച നടന്ന ലേലത്തിൽ വളരെ പെട്ടെന്നാണ് ലേലത്തുക കുതിച്ചുയർന്നത്. ക്രിപ്റ്റോ കറൻസി പ്ലാറ്റ്‌ഫോമായ ട്രോണിന്റെ സ്ഥാപകനായ ജസ്റ്റിൻ സൺ, യഥാർത്ഥ എസ്റ്റിമേഷനെക്കാൾ നാലിരട്ടി ഉയർന്ന തുകയാണ് കലാസൃഷ്‌ടി സ്വന്തമാക്കിയത്. ഇതോടെ ഈ വിചിത്ര കലാസൃഷ്‌ടി വീണ്ടും ചർച്ചാവിഷയമായി. ഒരു കലാസൃഷ്‌ടിക്ക് ലഭിച്ച വില ലോകത്തെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ കലാസൃഷ്‌ടി, കലാ ലോകത്തിനും അപ്പുറത്ത് നിലവിലെ സാംസ്‌കാരിക കലാലോകത്തിന്റെ പ്രതീകമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.