money

തൃശൂർ: കാട്ടാന നാടിറങ്ങുന്നത് കുറയ്ക്കാൻ വനാതിർത്തിയോടു ചേർന്ന് മലവേപ്പ് നടുന്നത് പ്രോത്സാഹിപ്പിക്കാൻ വനംവകുപ്പ്. മലവേപ്പിന്റെ ഗന്ധവും ഇലകളുടെ കയ്പും കാരണം ആനകൾ ആവഴി വരില്ല. മണ്ണൊലിപ്പ് തടയാനും ഉപകാരപ്പെടും.

വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗത്തിൽ നിന്ന് ചുരുങ്ങിയ വിലയ്ക്ക് തൈയും തൃശൂർ പീച്ചി വനഗവേഷണ സ്ഥാപനത്തിൽ നിന്ന് വിത്തും കിട്ടും. മലവേപ്പിന് വളം ആവശ്യമില്ല. എട്ട് കൊല്ലത്തിനുള്ളിൽ പൂർണ്ണവളർച്ചയെത്തും. പ്ലൈവുഡിനും പേപ്പർ നിർമ്മാണാവശ്യങ്ങൾക്കുമാണ് ഇതിന്റെ തടി ഉപയോഗിക്കുന്നത്. മരമൊന്നിന് 15,000-20,000 രൂപ ലഭിക്കും. ഏക്കറിൽ 10 മീറ്റർ അകലത്തിൽ 40 തൈ നടാം.

ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിൽ ഇടവിളയായി മലവേപ്പ് നട്ടപ്പോൾ ആനശല്യം കുറഞ്ഞു. ഇതാണ് വനംവകുപ്പിന് പ്രോത്സാഹനമായത്.

മറയൂർ ചന്ദന വിത്ത്

ചന്ദനം നടീലാണ് മറ്റൊരു പദ്ധതി. ഒരേക്കറിൽ 400 തൈ നടാം. മറയൂർ ചന്ദന വിത്തുകൾ ഇന്ത്യ മുഴുവനുമെത്തിക്കുന്നുണ്ട്. പത്തടി അകലത്തിൽ നട്ട് വേരു പിടിക്കുംവരെ (ഒരു മാസം) നനയ്ക്കണം. മഴക്കാലത്ത് നടരുത്. ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് വളം. 30 വർഷം വേണം പൂർണ വളർച്ചയെത്താൻ. ഒരു മരത്തിൽ നിന്ന് ചുരുങ്ങിയത് മൂന്ന് ലക്ഷം ലഭിക്കും. തടി റേഞ്ച് ഓഫീസർ വഴി വനംവകുപ്പിന് വിൽക്കാം.

 ചന്ദനത്തൈ ഒന്നിന് 75 രൂപ
 വിത്ത് കിലോ 2,000 രൂപ

ചന്ദനമരത്തിന് 120 വർഷം വരെ ആയുസുണ്ട്. തടിക്ക് വൻ ഡിമാന്റാണ് എല്ലായ്പ്പോഴും