ബോൾഡ് വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മെറീന മൈക്കിൾ. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് അടക്കം മുപ്പതോളം സിനിമകളിൽ മെറീന അഭിനയിച്ചിട്ടുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

തനിക്കൊരു എംഡിഎംഎ ലുക്കാണെന്ന് മെറീന പറയുന്നു. 'ചുരുളൻ മുടിയുള്ള എല്ലാവരെയും ടെററിസ്റ്റ്, നക്സലേറ്റ്, അടിയും പിടിയുമുണ്ടാക്കുന്നയാളെന്നൊക്കെയാണ് കരുതുന്നത്. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ എംഡിഎംഎ ലുക്കാണെനിക്ക്.'- നടി തമാശരൂപേണ പറഞ്ഞു.
'പ്ലസ്ടുവരെ മുടി നന്നായി ചീകി വലിച്ചുകെട്ടുമായിരുന്നു. എന്നിട്ട് ഞാൻ തട്ടമിട്ടിട്ടാണ് നടക്കുക. എനിക്ക് എന്റെ മുടി ഭയങ്കര ഇൻസെക്യൂരിറ്റിയായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് കുറേപ്പേർ എന്നെ ചുരുളിയെന്ന് വിളിച്ച് കളിയാക്കുമായിരുന്നു. ബുള്ളിയിംഗ് ആയിട്ടാണ് എനിക്കന്ന് തോന്നിയത്. മുടിയിൽ ഇഷ്ടപ്പെടുന്ന ഒന്നുമില്ല. അമ്മയാണെങ്കിൽ എന്റെ മുടി നന്നായി എണ്ണ തേച്ച്, രണ്ട് ഭാഗത്തും പിന്നിയിട്ടിട്ടാണ് സ്‌കൂളിൽ വിടുന്നത്. മുടിയഴിച്ചിടുമ്പോൾ ആൾക്കാർ കളിയാക്കും. അങ്ങനെ തട്ടമിടാൻ തുടങ്ങി. പ്ലസ്ടുവരെ വീട്ടുകാരും കുടുംബക്കാരും നാട്ടുകാരുമൊക്കെ വിചാരിച്ചത് എനിക്ക് ഏതോ മുസ്ലിം ചെറുക്കനുമായി പ്രണയമാണെന്നായിരുന്നു.'- നടി പറഞ്ഞു.