
ഡൊണാള്‍ഡ് ട്രംപിന്റെ യു.എസ്. പ്രസിഡന്റ് പദവിയിലേക്കുള്ള രണ്ടാംവരവ് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ആശങ്കകളെക്കാള്‍ അനുകൂല ഘടകങ്ങള്‍ക്കാണ് സാദ്ധ്യത കാണുന്നത്. ട്രംപ് ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുമ്പോള്‍ ഉയര്‍ത്തിയത് 'അമേരിക്ക ഫസ്റ്റ് ' എന്ന മുദ്രാവാക്യമായിരുന്നു. അന്ന് ആ മുദ്രാവാക്യം അമേരിക്കന്‍ ദേശീയ ബോധത്തെ ഉണര്‍ത്തുകയും വിധി ട്രംപിന് അനുകൂലമാക്കുകയും ചെയ്തു.
ഇപ്പോള്‍ രണ്ടാംഘട്ട മത്സരത്തിലും അതേ മുദ്രാവാക്യമുയർത്തിയാണ് ട്രംപ് ജനവിധി തനിക്കനുകൂലമാക്കിയത്. ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ട്രംപ് യു.എസ്. വിദേശനയം പരിഷ്‌കരിക്കുമ്പോള്‍ അത് രാജ്യങ്ങളുമായുള്ള ബന്ധത്തെയും അമേരിക്കയില്‍ വസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തെയും എങ്ങനെ ബാധിക്കുമെന്നത് ഉത്കണ്ഠയ്ക്ക് വഴിവയ്ക്കുന്നുണ്ട്. ട്രംപിന്റെ ആദ്യഘട്ട പ്രസിഡന്റ് പദവിയില്‍ വിദേശനയത്തില്‍ അദ്ദേഹം സ്വീകരിച്ച സമീപനം അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതും അന്താരാഷ്ട്ര കരാറുകളിലെ കുരുക്കുകള്‍ കുറയ്ക്കുന്ന വിധത്തിലുമായിരുന്നു.
ട്രംപ് ആദ്യ ടേമില്‍ പാരീസ് കാലാവസ്ഥ ഉടമ്പടികളില്‍ നിന്നും ഇറാന്‍ ആണവകരാര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കരാറുകളില്‍ നിന്നും യു.എസിനെ പിന്‍വലിപ്പിക്കുകയോ നയങ്ങള്‍ പരിഷ്‌കരിക്കുകയോ ആണ് ചെയ്തത്. ഇമിഗ്രേഷന്‍, എച്ച്-1 ബി വിസ പ്രോഗ്രാം എന്നിവയില്‍ ട്രംപ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പ്രൊഫഷണലുകളെ അത് പലവിധത്തില്‍ സ്വാധീനിച്ചിരുന്നു. ട്രംപിന്റെ ആദ്യഭരണകൂടം വിദേശ തൊഴിലാളികളുടെ വേതന ആവശ്യകതകള്‍ വര്‍ദ്ധിപ്പിക്കുവാനും അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
യു. എസിന്റെ താരിഫ് നയങ്ങളും ഇറക്കുമതി ചുങ്കവും യു.എസ്. വിപണിയെ ആശ്രയിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. എങ്കിലും ട്രംപിന്റെ രണ്ടാം വരവ് അമേരിക്കയുടെ പ്രധാന തന്ത്രപരമായ പങ്കാളിയായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. കുടിയേറ്റം, വ്യാപാരം, സൈനിക സഹകരണം, നയതന്ത്രം തുടങ്ങിയ മേഖലകളില്‍ ട്രംപിന്റെ രണ്ടാം ഭരണകൂടം പൊതുവിൽ ഇന്ത്യക്ക് ഗുണകരമാകുമെന്ന പ്രത്യാശയാണ് നല്‍കുന്നത്.
ഇന്‍ഡോ - പസഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം ചെറുക്കുക എന്ന അമേരിക്കയുടെ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി സൈനിക കാര്യത്തിലുള്‍പ്പെടെ സഹകരണം വര്‍ദ്ധിപ്പിക്കുവാന്‍ യു.എസ്. തയ്യാറായേക്കും. ക്വാഡ് സഖ്യത്തെ കൂടുതല്‍ ശക്തമാക്കുമെന്ന് ട്രംപ് പറയുമ്പോള്‍ യു.എസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഖ്യത്തിലൂടെ ചൈനയെ സന്തുലിതമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. വിദേശ ഉല്പന്ന ഇറക്കുമതിയില്‍ നികുതി വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് വെളിപ്പെടുത്തുമ്പോള്‍ അത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം നികുതി വര്‍ദ്ധനവും താരീഫ് നയങ്ങളും ഏറെ ദോഷം ചെയ്യുന്നത് ചൈനയ്ക്കാകാനാണ് സാദ്ധ്യത.
ഈ സാഹചര്യത്തില്‍ കൂടുതല്‍ യു.എസ്. കമ്പനികള്‍ ഇന്ത്യയിലേക്ക് വരുവാനുള്ള സാദ്ധ്യത സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ നിന്നുള്ള വിതരണ ശൃംഖലകളെ അമേരിക്ക നിയന്ത്രിക്കുമ്പോള്‍ ഈ അവസരം യു.എസ്. ബിസിനസുകളെ ആകര്‍ഷിക്കുന്ന ഒരു ഉല്പാദന കേന്ദ്രമായി പരിണമിക്കാന്‍ ഇന്ത്യയ്ക്ക് സാഹചര്യമൊരുക്കും. ജോബൈഡന്റെ ഭരണകാലത്തുതന്നെ ഇന്ത്യയും യു.എസും തമ്മിലുള്ള സൈനികബന്ധവും പ്രതിരോധ സഹകരണവും ശക്തിയാര്‍ജ്ജിച്ചിരുന്നു. ജെറ്റ് എന്‍ജിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ജിഇ-എച്ച്.എ.എല്‍ കരാര്‍, ക്രിട്ടിക്കല്‍ ആന്റ് എമര്‍ജിംഗ് ടെക്‌നോളജി പോലുള്ള പ്രതിരോധ ഇടപാടുകള്‍ സൈനിക സഹകരണത്തിന് ഉദാഹരണങ്ങളാണ്.
അതുപോലെ അമേരിക്കയിലെ വന്‍വ്യവസായ സ്ഥാപനങ്ങളുമായി ഇന്ത്യ ഒപ്പുവച്ച കരാറുകള്‍ പലതും നിര്‍വഹണ ദശയിലാണ്. ട്രംപിന്റെ രണ്ടാം വരവ് വ്യവസായിക സഹകരണത്തിന് കൂടുതല്‍ കരുത്തേകുമെന്നും വിശ്വസിക്കപ്പെടുന്നു. ആഗോള ടെക് കമ്പനിയായ ആപ്പിള്‍ ഇന്ത്യയില്‍ ഗവേഷണ വികസന രൂപ കല്പന കേന്ദ്രം തുടങ്ങുന്നതിനായി ആപ്പിള്‍ ഓപ്പറേഷന്‍സ് ഇന്ത്യ എന്ന പേരില്‍ സമ്പൂര്‍ണ്ണ കമ്പനിയാണ് രൂപവത്കരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 21.6 ശതമാനം വിഹിതവുമായി ആപ്പിള്‍ ഇപ്പോള്‍ തന്നെ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. സൗരോര്‍ജ്ജം മുതല്‍ ബയോടെക്കും പരിസ്ഥിതി പ്രതിരോധവും വരെയുള്ള മേഖലകളില്‍ യു.എസ് - ഇന്ത്യ സഹകരണം ഇനിയും ഊര്‍ജ്ജസ്വലമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യന്‍ പ്രവാസി സമൂഹത്തെ യു.എസിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും വിജയം വരിച്ചതുമായ സമൂഹങ്ങളില്‍ ഒന്നായാണ് പരിഗണിച്ചുവരുന്നത്. അമേരിക്കയുടെ 2023ലെ ചരക്ക് സേവന വ്യാപാര വളര്‍ച്ച 2014ലെ നിലയെക്കാള്‍ ഇരട്ടിയായിരുന്നു. ഈ വളര്‍ച്ച സാദ്ധ്യമാക്കിയത് സര്‍ക്കാരുമായി കൂട്ടൂചേര്‍ന്നും ബിസിനസുകള്‍ക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത പ്രവാസി സമൂഹത്തിന്റെ നേതൃപാടവമാണെന്ന് ചെന്നൈ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ ക്രിസ് ഹോഡ്‌ജെസന്‍ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ സുരക്ഷ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി 'സമാധാനം ശക്തിയിലൂടെ ' എന്ന ട്രംപിന്റെ സമീപനം ഭീകരവാദ ഭീഷണികള്‍ നേരിടുന്ന ലോകത്തിന്, പ്രത്യേകിച്ച് ഇന്ത്യക്ക് കൂടുതല്‍ പ്രതിരോധ ശക്തി നല്‍കും.
നരേന്ദ്ര മോഡിയുമായി ട്രംപ് പുലർത്തുന്ന സൗഹൃദം, വൈസ് പ്രസിഡൻ്റ് സ്ഥാനത്തുള്ള ജെ.ഡി. വാൻസും അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസിന് പൈതൃക രാഷ്ട്രത്തോടുള്ള ആഭിമുഖ്യം തുടങ്ങിയ വൈകാരിക ഘടകങ്ങളും യു.എസ്- ഇന്ത്യ ബന്ധത്തെ സുദൃഢമാക്കുവാൻ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ട്രംപിന്റെ രണ്ടാം വരവ് പല സമവാക്യങ്ങളും ഇന്ത്യക്ക് അനൂകൂലമാക്കും എന്ന പ്രത്യാശയാണ് പൊതുവിൽ ഭരണ മണ്ഡലങ്ങളില്‍ നിറയുന്നത്.

* ( ഫൊക്കാന മുൻ പ്രസിഡന്റും നാമം ( യു.എസ്.എ) ഫൗണ്ടർ പ്രസിഡൻ്റുമാണ് ലേഖകൻ)