
മലയാളസിനിമയിൽ വില്ലൻവേഷങ്ങളിലൂടെ സുപരിചിതനായി മാറിയ നടൻ മേഘനാഥൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇപ്പോഴിതാ മേഘനാഥന്റെ പഴയകാല അഭിമുഖമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. സിനിമയിൽ കൂടുതലും വില്ലൻ വേഷങ്ങൾ ചെയ്ത നടൻ, നിവിൻപോളി നായകനായെത്തിയ ആക്ഷൻ ഹീറോ ബിജുവിലെ വേഷത്തെക്കുറിച്ചാണ് സംസാരിച്ചത്.
'എനിക്ക് ഒരുപാട് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. പലതും ഞാനായിട്ട് ഒഴിവാക്കിയതാണ്. ശ്രീനിവാസൻ ചെയ്തതുപോലുളള സീരിയസായിട്ടുളള ഹാസ്യവേഷങ്ങൾ ചെയ്യാനായിരുന്നു ആഗ്രഹം. അതിന് നമ്മുടെ ശരീരഭാഷ കൂടി സംവിധായകർ നോക്കുമല്ലോ. ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിക്കാൻ എന്നെ സംവിധായകൻ നേരിട്ട് വിളിക്കുകയായിരുന്നു. അതിന്റെ കഥ മുഴുവൻ കേട്ടു. ആരൊക്കെയാണ് സിനിമയിൽ അഭിനയിക്കുന്നതെന്ന് ഞാൻ സംവിധായകനോട് ചോദിച്ചു. നിവിൻപോളിയാണ് നടനെന്ന് അദ്ദേഹം പറഞ്ഞു.
എന്റെ ഭാര്യയുടെ വേഷം ചെയ്യുന്നത് നടി രോഹിണിയാണെന്ന് പറഞ്ഞു. അതുകേട്ടപ്പോൾ ഞാൻ അതിശയിച്ചുപോയി. രോഹിണി അപ്പോൾ ബാഹുബലിയിൽ അഭിനയിച്ച സമയമായിരുന്നു. എന്നെ ആക്ഷൻ ഹീറോ ബിജുവിൽ കാസ്റ്റ് ചെയ്യാൻ കാരണമെന്താണെന്ന് സംവിധായകനോട് ചോദിച്ചു. സിനിമയിൽ രോഹിണിക്ക് നെഗറ്റീവ് ഷെയ്ഡാണുളളത്. രോഹിണിയെ തേടി വീട്ടിൽ പൊലീസ് എത്തുന്ന ഒരു സീനുണ്ട്. അപ്പോൾ ഞാനാണ് ആ കുറ്റം ചെയ്തതെന്ന് പ്രേക്ഷകർക്ക് തോന്നാൻ വേണ്ടിയായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. വില്ലൻ വേഷങ്ങളെക്കാൾ കുറച്ച് സെന്റിമെന്റലായ കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടം'-മേഘനാഥൻ പറഞ്ഞു.
സിനിമയിൽ കരിയർ ഗ്യാപ്പുണ്ടായതിനെക്കുറിച്ചും മേഘനാഥൻ പറഞ്ഞു. 'അസ്ത്രം എന്ന സിനിമയിലെ അവസരം പെട്ടെന്ന് ലഭിച്ചതാണ്. അതിൽ ഒറ്റ സീനിലാണ് അഭിനയിച്ചത്. അച്ഛനോടൊപ്പം മിക്ക സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിലും പോകുമായിരുന്നു. 'പഞ്ചാഗ്നി' എന്ന സിനിമയിലാണ് എനിക്കാദ്യമായി നല്ലൊരു വേഷം ലഭിച്ചത്. നടി ഗീതയുടെ സഹോദരനായാണ് അതിൽ അഭിനയിച്ചത്.
ദിലീപ് നായകനായ 'കുടമാറ്റം' എന്ന സിനിമയിലും അഭിനയിച്ചു. അതിൽ ഭാരതപ്പുഴയുടെ തീരത്ത് വച്ച് സംഘട്ടനം നടക്കുന്ന ഒരു സീനുണ്ടായിരുന്നു. എല്ലാ നടൻമാരും ഒന്നിക്കുന്ന ഒരു സീനായിരുന്നു.അവിടെ വച്ച് എന്റെ കാലിന് മുറിവ് പറ്റി. പിന്നീട് ബാൻഡേജ് ചുറ്റിയാണ് ലൊക്കേഷനിൽ എത്തിയത്. മറ്റുളള അഭിനേതാക്കളുടെ ഡേറ്റിൽ ക്ലാഷ് വരുമെന്ന് അറിയാവുന്നതുകൊണ്ട് ഒരുപാട് വേദന സഹിച്ചാണ് ആ സീനിൽ അഭിനയിച്ചത്. അതിനുശേഷം 'പ്രായിക്കര പാപ്പാൻ' എന്ന സിനിമയിലാണ് അഭിനയിച്ചത്. ആ സമയത്ത് കാറപകടം സംഭവിച്ചു. അങ്ങനെ അഭിനയത്തിൽ നിന്ന് ഒരുപാട് കാലം മാറിനിൽക്കേണ്ടി വന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു.