toilet

ആലപ്പുഴ: നഗരത്തിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ടോയ്‌ലറ്റിൽ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു. തിരുവനന്തപുരം ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥൻ തലനാരിഴയ്‌ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ സെക്രട്ടേറിയറ്റിലെ ടോയ്‌ലറ്റിലുണ്ടായ അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റതിന് പിന്നാലെയാണ് ആലപ്പുഴയിലും അപകടമുണ്ടായിരിക്കുന്നത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ആലപ്പുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഡെപ്യൂട്ടി കൺട്രോളർ ഓഫീസിലേക്ക് ഓഡിറ്റിംഗിന് എത്തിയതായിരുന്നു ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥർ. പിഡബ്ല്യുഡി റസ്റ്റ് ഹൗസിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രാവിലെ ടോയ്‌ലറ്റിൽ പോയ ശേഷം ഒരു ഉദ്യോഗസ്ഥൻ പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് സീലിംഗ് തകർന്ന് വീണത്. അൽപ്പം വൈകിയിരുന്നെങ്കിൽ അദ്ദേഹം അപകടത്തിൽപ്പെട്ടേനെ. തിരുവനന്തപുരം പട്ടത്തെ ലീഗൽ മെട്രോളജി ജോയിന്റ് കൺട്രോളർ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് രാജീവാണ് അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. കോൺക്രീറ്റ് നിലത്ത് വീണ് പൊട്ടിച്ചിതറിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പൊതു ജനങ്ങൾക്ക് ഉൾപ്പെടെ തുറന്ന് കൊടുക്കുന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുന്നതിനിടെയാണ് ഇത്തരമൊരു അപകടമുണ്ടായിരിക്കുന്നത്. ജി സുധാകരൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് അവസാനമായി റസ്റ്റ് ഹൗസിൽ അറ്റകുറ്റപണികൾ നടത്തിയിരുന്നത്.