
ഇന്ത്യയിലെ പുതിയ കാറുകളുടെ ന്യൂകാർ അസസ്‌മെന്റ് അഥവാ ഭാരത് എൻസിഎപി ടെസ്‌റ്റ് രാജ്യത്ത് വിൽപന നടത്താനെത്തുന്ന ഓരോ കാറുകളുടെയും ഉറപ്പ് പരിശോധിക്കുന്ന ടെസ്റ്റാണ്. ഈയടുത്താണ് മാരുതി സുസുകിയുടെ സബ്‌കോംപാക്‌ട് സെഡാനായ പുതിയ സ്വിഫ്‌റ്റ് ഡിസയറിന് അഞ്ച് സ്‌റ്റാർ റേറ്റിംഗ് ലഭിച്ചത്. ഇന്ത്യയിൽ സുരക്ഷിതമല്ലാത്ത അഞ്ച് കാറുകളുടെത്താൽ അവയെല്ലാം മാരുതിയായിരുന്നു എന്നാണ് വിമർശകർ പറഞ്ഞിരുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ പലരും കമ്പനിക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിക്കുക പതിവായിരുന്നു. ഇതിനിടെയാണ് സ്വിഫ്‌റ്റ് ഡിയസറിന്റെ ഫലം വന്നത്. ഇതോടെ മാരുതി അവരുടെ ദീർഘനാളായുള്ള ചീത്തപ്പേര് മാറ്റി.
എന്നാൽ ഇതിനിടെ ഇന്ത്യയിൽ വിൽപന നടത്തുന്ന മറ്റൊരു കമ്പനിയുടെ കാർ എൻസിഎപി പരിശോധനയിൽ ദയനീയമായി പരാജയപ്പെട്ടു എന്ന വാർത്ത ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഇന്ത്യയിലല്ല ബ്രസീലിലെ ലാറ്റിൻ എൻസിഎപി പരിശോധനയിലാണ് ഫ്രഞ്ച് കമ്പനിയായ സിട്രോൺ സീ ത്രീ എയർക്രോസ് എന്ന എസ്‌യുവി നിരാശപ്പെടുത്തിയത്. ഇന്ത്യയിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഈ കാറിന് ഇവിടെ എട്ടര ലക്ഷം മുതൽ 14.55 ലക്ഷം ആണ് വില.
ബ്രസീലിൽ പുറത്തിറക്കുന്ന മോഡലിന് പക്ഷെ പരിശോധനയിൽ പൂജ്യം റേറ്റിംഗേ കിട്ടിയുള്ളൂ. മുന്നിലെയും വശങ്ങളിലെയും ക്രാഷ് ഇംപാക്‌ട്, പെഡെസ്‌ട്രിയൻ സുരക്ഷ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ വിവിധ പരിശോധനകളിൽ സീ ത്രീ എയർക്രോസ് പൂജ്യം റേറ്റിംഗ് ആണ് നേടിയത്.
അഡൾട്ട് ഒക്യുപ്പന്റ് പ്രൊട്ടക്ഷനിൽ സി3 എയർക്രോസിന് 33.01 ശതമാനം ആണ് സ്‌കോർ. ഫ്രണ്ടൽ ഇംപാക്‌ട് ടെസ്‌റ്റിൽ മുന്നിലുള്ള യാത്രികന് നെഞ്ചിൽ കാര്യമായ ആഘാതം ഏൽക്കുമെന്ന് കണ്ടെത്തി. സൈഡ് ഇംപാക്‌ട് ടെസ്‌റ്റിൽ യാത്രക്കാരന് സുരക്ഷിതമല്ലെന്നും സൈഡ് ഹെഡ് പ്രൊട്ടക്ഷൻ സംവിധാനം ഇല്ലെന്നും തെളിഞ്ഞു. ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷനിൽ വെറും 11.37 ശതമാനം മാത്രമേ നേടിയുള്ളു. ചൈൽഡ് റെസ്‌ട്രെയിന്റ് സിസ്‌റ്റം പരീക്ഷണത്തിനിടെ പരാജയപ്പെട്ടു. എന്നാൽ പെഡെസ്‌ട്രിയൻ പ്രൊട്ടക്ഷനിൽ 49.57 ശതമാനം മികച്ച റേറ്റിംഗ് നേടി. പക്ഷെ സ്‌പീഡ് അസിസ്‌റ്റ്, ലെയ്‌ൻ സപ്പോർട്ട്, ഓട്ടോണോമസ് എമർജൻസി ബ്രേക്കിംഗ് എന്നിവയിലും വാഹനം ലാറ്റിൻ എൻസിഎപിയിൽ വിജയിച്ചില്ല.