modi

ന്യൂഡൽഹി: ഖാലിസ്‌താൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ വധത്തെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയാമായിരുന്നു എന്ന റിപ്പോർട്ട് തള്ളി കാനഡ സർക്കാർ. വധത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരെ അറിയിച്ചു എന്നുള്ള ദി ഗ്ലോബ് ആൻഡ് മെയിലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് കാനഡ തള്ളിയത്.

കാനഡയ്‌ക്കുള്ളിലെ ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മോദിയെയോ മന്ത്രി ജയശങ്കറിനെയോ ബന്ധിപ്പിക്കുന്ന ഒരു പ്രസ്‌താവനയും കാനഡ സർക്കാർ പുറത്തിറക്കിയിട്ടില്ല. മാദ്ധ്യമ റിപ്പോർട്ട് വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും സർക്കാ‌ർ വ്യക്തമാക്കി. പേര് വെളിപ്പെടുത്താത്ത ഒരു കനേഡിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അവകാശവാദങ്ങളെ 'പരിഹാസ്യമായ പ്രസ്‌താവനകൾ' എന്ന് ലേബൽ ചെയ്യുകയും അത് പൂർണമായും തിരസ്‌കരിക്കേണ്ടതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഇന്ത്യ - കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ പാക് ചാര സംഘടനയായ ഇന്റർ - സർവീസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ആണ് നിജ്ജറിന്റെ വധത്തിന് കളമൊരുക്കിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിജ്ജറിനെ വധിക്കാൻ ഐഎസ്‌ഐ ക്രിമിനലുകളെ വാടകയ്‌ക്കെടുത്തിരുന്നു. നിജ്ജർ വധത്തിന് പിന്നാലെ ഇയാൾക്ക് പകരക്കാരനെ ഐഎസ്‌ഐ തേടുകയാണ്. കാനഡയിലെ ഖാലിസ്‌താൻ അനുകൂല തീവ്രവാദികളെ ഒന്നിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

2013 ജൂൺ 18നായിരുന്നു ഖാലിസ്‌താൻ വാദിയായ ഹർദീപ് സിംഗ് നിജ്ജർ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുകളാണെന്ന് കനേഡിയൻ സർക്കാർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.