
ഉറ്റ സുഹൃത്തുക്കളായ 14പേരെയും സയനൈഡ് നൽകി കൊലപ്പെടുത്തിയ സരാരത്ത് രംഗ്തിവുതപോം എന്ന 36കാരിയുടെ കഥ തായ്ലൻഡ് ജനതയ്ക്ക് ഇന്നും ഒരു ഞെട്ടലാണ്. രാജ്യത്തെ ആദ്യത്തെ സീരിയൽ കില്ലറാണ് ഈ യുവതി. സരാരത്ത് ചെയ്ത കുറ്റത്തിനുള്ള ശിക്ഷ കഴിഞ്ഞ ദിവസം കോടതി വിധിച്ചതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ഈ കൊലപാതക പരമ്പരയും കേസിന്റെ നാൾവഴികളുമാണ്. സിരിപോം ഖാൻവോംഗ് എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് സരാരത്തിലേക്കും 13 പേരുടെ ജീവൻ നഷ്ടമായത് എങ്ങനെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞത്. ഈ കേസും നാൾവഴികളും പരിശോധിക്കാം...
കോടതി വിധി
14 സുഹൃത്തുക്കളെ ക്രൂരമായി കൊലപ്പെടുത്തിയ സരാരത്തിനെ വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള കോടതി വിധി ബുധനാഴ്ചയാണ് പുറത്തുവന്നത്. സരാരത്ത് സയനൈഡ് നൽകിയ 15 പേരിൽ ഒരാൾ മാത്രമാണ് അതിജീവിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ മരിച്ച സിരിപോം ഖാൻവോംഗ്, സരാരത്തുമൊത്ത് ബാങ്കോക്കിന് പടിഞ്ഞാറുള്ള ററ്റ്ചാബുരി പ്രവിശ്യയിലേക്ക് യാത്ര പോയിരുന്നു. ഇതിനിടെ ഒരു നദിക്കരയിൽ കുഴഞ്ഞുവീണ് സിരിപോം മരിക്കുകയായിരുന്നു.
സിരിപോമിന്റെ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അന്വേഷണം സരാരത്തിലേക്ക് നീണ്ടു. ചോദ്യം ചെയ്യലിനിടെയാണ് മുൻ കാമുകൻ അടക്കം മറ്റ് 13 പേരെ കൂടി സരാരത്ത് കൊലപ്പെടുത്തിയെന്ന സൂചന ലഭിച്ചത്. സാമ്പത്തികപരമായ കാരണങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ചൂതാട്ടത്തിനും മറ്റും അടിമയായിരുന്ന സരാരത്ത് കൊലചെയ്യപ്പെട്ടവരുടെ പണവും ആഭരണങ്ങളും കൈക്കലാക്കി.
ആരാണ് സരാരത്ത് രംഗ്തിവുതപോം?
36കാരിയായ സരാരത്ത് ഓൺലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നു. കൊലപ്പെടുത്തിയവരിൽ നിന്നും സരാരത്ത് ആയിരക്കണക്കിന് ഡോളർ തട്ടിയെടുത്തിരുന്നു. സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച 2015 മുതലുള്ള കേസുകളിൽ സരാരത്തിന് പങ്കുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കൊല ചെയ്യുന്നതിന് മുമ്പ് ഉറ്റ സുഹൃത്തുക്കളിൽ നിന്ന് 30,000 ബാത്ത് സരാരത്ത് കൈക്കലാക്കും. ഏറ്റവും അടുത്ത സുഹൃത്തുക്കളായത് കൊണ്ട് അവർ ഒരു മടിയും കൂടാതെ പണം നൽകും. ശേഷം അവരെ കൊലപ്പെടുത്തി വിലപിടിപ്പുള്ള സാധനങ്ങളും ആഭരണങ്ങളും കൈക്കലാക്കുന്നതാണ് സരാരത്തിന്റെ രീതി. പണം തിരികെ ചോദിക്കുന്നവരെയാണ് സരാരത്ത് ആസൂത്രണം ചെയ്ത് കൊലപ്പെടുത്തുന്നതെന്ന് ഡെപ്യൂട്ടി നാഷണൽ പൊലീസ് ചീഫ് സുരചതെ ഹക്പർൺ പറഞ്ഞു.
ആദ്യത്തെ സീരിയൽ കില്ലർ
14 കൊലകളും സരാരത്ത് നടത്തിയതിന് പിന്നിൽ ഒരേയൊരു ലക്ഷ്യം മാത്രമേ ഉള്ളൂ. പണം. കൊല്ലപ്പെട്ടവർ എല്ലാം തന്നെ വലിയൊരു തുക സരാരത്തിന് കൈമാറിയിരുന്നു. കൊലചെയ്യപ്പെട്ടവരിൽ ഒരാൾ സരാരത്തിന്റെ കാമുകൻ കൂടിയായിരുന്നു. 2023 മാർച്ചിലായിരുന്നു സുത്തിസാക് ഫൂങ്ഖ്വാൻ എന്ന സരാരത്തിന്റെ കാമുകൻ കൊല്ലപ്പെടുന്നത്.
ചിലർക്ക് ഭക്ഷണത്തിലും ചിലർക്ക് ഡയറ്റ് ഗുളികകളിലും മിക്സ് ചെയ്താണ് സയനൈഡ് നൽകിയത്. ഒരാൾ മാത്രമാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. 2023 ഏപ്രിൽ 25ന് ആണ് സരാരത്ത് അറസ്റ്റിലാവുന്നത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് സരാരത്ത് ഗർഭിണിയായിരുന്നു. തുടർന്ന് ജൂണിൽ അഞ്ചാമത്തെയോ ആറാമത്തെയോ മാസം ഗർഭം അലസിപ്പിച്ചു.
തായ്ലൻഡിനെ ഒന്നടങ്കം ഞെട്ടിച്ച കേസായിരുന്നു ഇത്. കാരണം, രാജ്യത്ത് ഇതുവരെ ഇത്തരത്തിലുള്ള ഒരു സീരിയൽ കൊലപാതകം നടന്നിട്ടില്ല. 1900 നും 1908 നും ഇടയിൽ ആഴ്സനിക് ഉപയോഗിച്ച് 42 പേരെ കൊന്ന യുഎസിലെ ബെല്ലി ഗണ്ണെസ്, 1910 നും 1916 നും ഇടയിൽ ഇതേ വിഷം ഉപയോഗിച്ച് 20 ഇരകളെയെങ്കിലും കൊലപ്പെടുത്തിയ ആമി ആർച്ചർഗില്ലിഗൻ തുടങ്ങിയ സീരിയൽ കില്ലറുമായി സരാരത്തിനെ താരതമ്യം ചെയ്യാൻ തുടങ്ങി.