
വിദ്യകൊണ്ട് സ്വതന്ത്രരാകുവാനും വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടാനുമുളള ഗുരുദേവസന്ദേശം ജീവിതത്തിലും കർമ്മപഥങ്ങളിലും സഫലമാക്കിയ ശ്രീനാരായണീയൻ, ഫ്രാൻസിലെ വ്യവസായം കൊണ്ട് ജന്മരാജ്യത്തെ സമ്പന്നമാക്കിയ കർമ്മശ്രേഷ്ഠനായ സാമൂഹികസേവകൻ... ഇതെല്ലാമാകുന്നു കാട്ടിക്കുളം ഭരതൻ.
ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കാട്ടിക്കുളം കുമാരന്റേയും കല്യാണിയുടേയും മകനായ കാട്ടിക്കുളം ഭരതൻ, താണിശേരി എൽ.പി.സ്കൂളിലും നാഷണൽ, ബോയ്സ് സ്കൂളുകളിലുമായി പഠനം പൂർത്തിയാക്കിയ ശേഷം അവിചാരിതമായാണ് ബോംബെയിലും ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയിലും ജോലി തേടിയെത്തുന്നത്. അഞ്ചു പതിറ്റാണ്ട് മുൻപാണത്. കുറച്ചുകാലം പോണ്ടിച്ചേരിയിലെ സ്റ്റുഡിയോയിൽ ജോലി ചെയ്യുമ്പോഴാണ് ഫ്രാൻസിലേക്ക്, ഒരു സുഹൃത്തിന്റെ സഹായത്തോടെ വിമാനം കയറുന്നത്. പാരീസിൽ ഒരു തുണിവ്യാപാരസ്ഥാപനത്തിലാണ് ഭരതന് ജോലി കിട്ടിയത്. നിരവധി യാതനകളിലൂടെയായിരുന്നു ഫ്രാൻസിലെ ആദ്യകാലജീവിതം. പക്ഷേ, ക്ഷമയും കഠിനാദ്ധ്വാനവും സമർപ്പണവും കൈമുതലാക്കിയ അദ്ദേഹം പതിയെ പാരീസിന്റെ ആവശ്യങ്ങളും സൗന്ദര്യമോഹങ്ങളും തിരിച്ചറിഞ്ഞു. സ്ത്രീകളുടേതു മാത്രമായുള്ള തുണിത്തരങ്ങളുടെ മൊത്തവിതരണക്കാരനായി അദ്ദേഹം ഫ്രാൻസിന്റെ വ്യാപാരമേഖലയിലേക്ക് പതിയെ കടന്നുവന്നു.
പക്ഷേ, പാരീസിൽ വ്യവസായ സ്ഥാപനം തുടങ്ങുന്നതിനുള്ള അവസരവും അനുമതിയുംഇല്ലാതിരുന്നത് പ്രതിബന്ധമായി. ഏകദേശം അഞ്ചു വർഷം കഴിഞ്ഞപ്പോൾ നിയമം മാറി. അന്യദേശക്കാർക്കും വ്യാപാരസ്ഥാപനം തുടങ്ങുവാനുള്ള അനുവാദം ലഭിച്ചപ്പോൾ ഭരതൻ സ്വന്തമായി ആരംഭിച്ച വ്യാപാരസംരംഭമായിരുന്നു 'കുമാർ ഡിഫ്യൂഷൻസ്' പിതൃഭക്തിയുടെ സൂചകമായി, അച്ഛന്റെ പേരായ കുമാരൻ, ആധുനികമാക്കി 'കുമാർ ഡിഫ്യൂഷൻസ് ' എന്നാക്കുകയായിരുന്നു. ഏതാനും നാളുകൾ കൊണ്ട് ടെക്സറ്റൈൽസ് രംഗത്ത് ഫ്രാൻസിലെ ഒരു വലിയ സ്ഥാപനമാക്കുവാൻ ഭരതന് കഴിഞ്ഞു.
ഇന്ത്യയിൽ നിന്ന് വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന ചില പ്രധാന സ്ഥാപനങ്ങളിൽ ഒന്നായി ഈ സ്ഥാപനം മാറി. ഡിസൈനിംഗ് മേഖലയിലെ പ്രമുഖരെല്ലാവരും അന്ന് ഉത്തരേന്ത്യക്കാരാണ്. അതുകൊണ്ടു തന്നെ ഡൽഹി കേന്ദ്രീകരിച്ച് ഡിസൈനിംഗ് നടത്തി ഫ്രാൻസിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു.ആ ഡിസൈനുകൾ മാർക്കറ്റ് പിടിച്ചപ്പോൾ, ഭരതന്റെ സ്ഥാപനവും പച്ചപിടിച്ചു. അടുത്ത തലമുറയുടെവസ്ത്രങ്ങളിലെ അഭിരുചി മുന്നിൽകണ്ട് പ്രൊഫഷണൽ ഡിസൈനർമാരോടൊത്ത് മാതൃകകൾ തയ്യാറാക്കി. ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലെ വസ്ത്രനിർമ്മാതാക്കളുമായി ബന്ധപ്പെട്ട് ആധുനിക രീതിയിലുള്ള വസ്ത്രനിർമ്മാണം നടത്തി.
ഇഷ്ടം എന്നും
ഖദർ തന്നെ
ഫ്രാൻസിലെ വസ്ത്രവ്യാപാരരംഗത്ത് തന്റേതായ ഇടം കണ്ടെത്തി പണം സമ്പാദിച്ച ഭരതന്റെ മനസിൽ ആധുനിക വസ്ത്രഡിസൈനുകൾ രൂപം കൊളളുമ്പോഴും നാട്ടിലെത്തിയാൽ അദ്ദേഹം ധരിച്ചിരുന്നത് ഖദർ ആയിരുന്നു. എത്രകണ്ട് പണം സമ്പാദിക്കുമ്പോഴും ജീവിതത്തിന്റെ ലാളിത്യം മുറുകെപിടിച്ച് ഖദർ ധരിച്ച്, യാതൊരു രാഷ്ട്രീയപ്രസ്ഥാനങ്ങളോടും വിധേയപ്പെടാതെ യഥാർത്ഥ ശ്രീനാരായണീയനായി ഭരതൻ നിലകൊണ്ടു.
സാധാരണ കുടുംബത്തിൽ ജനിച്ച്, ഉന്നതബിരുദങ്ങളോ, സ്ഥാനമാനങ്ങളോ നേടാതെ സ്വന്തം പരിശ്രമത്തിലൂടെ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടി കയറിയ അദ്ദേഹം ഒരു മാതൃകാപുരുഷനാകുന്നത് ജീവിതത്തിന്റെ ലാളിത്യം കൊണ്ടു തന്നെയായിരുന്നു. വിവാഹശേഷം ദിവസങ്ങൾക്കുളളിൽ തന്നെ ഭാര്യ സുധയുമായി വീണ്ടും ഫ്രാൻസിലെത്തിയ അദ്ദേഹം, പലപ്പോഴും നാട്ടിലേക്ക് ഓടിയെത്തും. അപ്പോഴെല്ലാം ശ്രീനാരായണീയരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും സാംസ്കാരികവിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുമായി അദ്ദേഹം ഓടി നടക്കും.ധനം കൊണ്ട് അഹങ്കരിക്കുവാനല്ല, ഇല്ലാത്തവർക്ക് പങ്കിടാനുളളതാണെന്നത് അദ്ദേഹത്തിന്റെ ജൻമസത്യമായിരുന്നു.
തോളോടു ചേർന്ന്
ഭരണാധികാരികളും
കലാകാരൻമാരും
മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരൻ, വി.എസ്.അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, തുടങ്ങി രാഷ്ട്രീയ സാംസ്കാരിക കലാരംഗത്തെ പഴയതലമുറകളിലെയും പുതിയ തലമുറകളിലെയും പ്രമുഖരുമായുള്ള ഹൃദയബന്ധവും സൗഹൃദവും വളരെ വലുതാണ്. ഏകദേശം നാല് പതിറ്റാണ്ടോളം പാരീസിൽ താമസിച്ചുവെങ്കിലും കാട്ടിക്കുളത്തിന്റെ സൗഹൃദവും സ്നേഹബന്ധങ്ങളും ഇഴചേർന്ന വേരുകൾ കേരളം മുഴുവൻ പടർന്നു കിടക്കുന്നുണ്ട്. ആദ്ധ്യാത്മികതയുടെ പരിവേഷമുളള, ഭരതസന്നിധിയായഇരിങ്ങാലക്കുടയുടെ സമഗ്ര മുന്നേറ്റങ്ങളിലും ഈ ഭരത സ്പർശമുണ്ട്. കൂടൽമാണിക്യം ക്ഷേത്രത്തിന്റെ വളർച്ചയിലും ഭരതന്റെ നിർണ്ണായക പങ്കാളിത്തമുണ്ട്.
ലോകത്തുള്ള ഒട്ടുമിക്ക രാജ്യങ്ങളും ഭരതൻ സന്ദർശിച്ചിട്ടുണ്ട്. ലോക രാജ്യങ്ങളിലേക്കുള്ള യാത്രകളെക്കുറിച്ച് പറയുമ്പോൾ ഇന്നും വേറിട്ട ഓർമ്മ ന്യൂയോർക്കിലേക്കുള്ള കോൺകോട് ഫ്ളെറ്റിലെ യാത്രയാണ്.
ആതുരശുശ്രൂഷാ
മേഖലയിലും
കൈയൊപ്പ്
ചേർപ്പിൽ ലക്ഷ്മിസുധ എന്ന ആശുപത്രി വാങ്ങി ആതുരശുശ്രൂഷാമേഖലകളിലും അദ്ദേഹം കൈയൊപ്പ് പതിപ്പിച്ചു. ഉത്സവമായാലും സ്കൂൾ യുവജനോത്സവമായാലും സന്നദ്ധസേവന പ്രവർത്തനങ്ങളായാലും സാമൂഹ്യക്ഷേമ പദ്ധതികളായാലും ഒരു 'പ്രസ്ഥാനം' പോലെ മുഖ്യ സംഘാടകനായി ഭരതൻ എന്ന ഇരിങ്ങാലക്കുടയുടെ സ്വന്തം ഭരതേട്ടൻ നിലകൊണ്ടു.
നാടിന്റെ പുരോഗതിയെ ലക്ഷ്യമാക്കി യുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞു സഹകരിക്കുകയും പങ്കാളിത്തം വഹിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയം പ്രസിഡന്റ്, കേരള എയിഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരി ങ്ങാലക്കുട ലോക്കൽ അസോസിയേഷൻ പ്രസിഡന്റ്, ശ്രീനാരായണക്ലബ് പേട്രൺ, ശാന്തി നികേതൻ സ്കൂൾ സ്ഥാപക വൈസ് ചെയർമാൻ അങ്ങനെ നിരവധി സ്ഥാനമാനങ്ങളും പദവികളും അദ്ദേഹം വഹിച്ചു. കേരള പഞ്ചഗുസ്തിയുടെ പ്രസിഡന്റായി പത്ത് വർഷത്തിലേറെക്കാലം അദ്ദേഹം സജീവമായിരുന്നു. മനുഷ്യസേവനത്തിന്റെ പാതയിൽ സമർപ്പിത തേജസായി അദ്ദേഹം നിലകൊണ്ടത് ആ ബഹുമുഖമായ വഴിത്താരകളിലൂടെയായിരുന്നു.
എന്നും കൈപിടിച്ച്
സഹധർമ്മിണി
ഇരിങ്ങാലക്കുട കാട്ടൂർ ഇടക്കാട്ടുപറമ്പിൽ ഗോപാലന്റെയും പാറുക്കുട്ടിയുടെയും മകൾ സുധയാണ് ഭരതന്റെ പത്നി. വിവാഹം കഴിഞ്ഞയുടനെ ഫ്രാൻസിലെത്തിയതിന്റെ ഓർമ്മകൾ അവർക്ക് ഒരു വിസ്മയമായി തന്നെ മനസിലുണ്ട്. ജീവിതസായാഹ്നത്തിലും കൈ പിടിച്ച് അവർ അദ്ദേഹത്തിനൊപ്പമുണ്ട്. മൂത്തമകൾ ലിൻഡ തൃപ്പൂണിത്തുറയിലെ സി.കെ.കെഎം ഫാർമസിയുടെയും ആർ.സി.എം വെൽനസ് സെന്ററിന്റെയും സി.ഇ.ഒ ആയി പ്രവർത്തിക്കുന്നു.
തൃപ്പുണിത്തുറയിലെ ആർ.സി.എം. ഐ. ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടറായ മരുമകൻ ഡോ.രാകേഷ് ചന്ദ്രൻ പ്രശസ്ത നേത്രചികിത്സാവിദഗ്ധനാണ്. രണ്ടാമത്തെ മകൾ ലക്കി ലണ്ടനിലെ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥയാണ്. ഭർത്താവ് അമിത് കാർത്തികേയൻ ഡയറക്ടർ എസ്.ജി കെ.എൽ . ലണ്ടനിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. ഇളയമകൻ ലാൽ ഭരതൻ അങ്കമാലിയിൽ ഓട്ടോമൊബൈൽ മേഖല കേന്ദ്രീകരിച്ചുളള ബിസിനസിലാണ്. ഭാര്യ ഡോ.ശൃംഗ എം.ബി.ബി.എസ്.ബിരുദധാരിയാണ്.
നാടിനെ വിദ്യാസമ്പന്നമാക്കി...
ഭരതന്റെ ഉടമസ്ഥതയിൽ നാല് എയ്ഡഡ് വിദ്യാലയങ്ങളുണ്ട്. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, കാറളം, എ.എൽ.പി സ്കൂൾ കാറളം, ജനത യു.പി.എസ് പന്തല്ലൂർ, എ.എൽപി.എസ്. പോങ്കോത്ര,എന്നീ വിദ്യാലയങ്ങളുടെ മാനേജർ സ്ഥാനം വഹിക്കാൻ പ്രായവും ശാരീരിക അസ്വസ്ഥതകളുംഅദ്ദേഹത്തിനൊരു തടസമല്ല. കാറളം ഹയർ സെക്കൻഡറി സ്കൂൾ വിജയോത്സവം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്ത വേളയിലാണ്, മാനേജർ കാട്ടിക്കുളം ഭരതൻ ഭൂരഹിതർക്ക് സൗജന്യമായി നൽകിയ ഭൂമിയുടെ രേഖകൾ വിതരണം ചെയ്തത്. തന്റെ പേരിലുള്ള 40 സെന്റ് സ്ഥലം എട്ട് പേർക്ക് വീടു വയ്ക്കുന്നതിനായി കിഴുത്താണിയിൽ സൗജന്യമായി അദ്ദേഹം വിട്ടുകൊടുത്തിരുന്നു.
ഇവർ കിടപ്പാടമില്ലാതെ വിഷമിക്കുന്നവരായിരുന്നു. ഉന്നതവിദ്യാഭ്യാസം നേടാൻ ജീവിതസാഹചര്യം തടസമായെങ്കിലും അറിവുനേടാൻ ഭരതൻ എന്നും ശ്രമിക്കുമായിരുന്നു. ഫ്രഞ്ച് ഭാഷയിലും മലയാളത്തിലും ഇതര ഭാഷകളിലുമുള്ള വലിയ ഗ്രന്ഥശേഖരം തന്നെ വീട്ടിലുണ്ട്. ശ്രീനാരായണീയ, സാംസ്കാരിക, രാഷ്ട്രീയമേഖലകളിലെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ വേൾഡ് കൗൺസിൽ അവാർഡിനാ യി അദ്ദേഹത്തിന്റെ പേർ തെരഞ്ഞെടു ത്തത് ഏകകണ്ഠമായാണ്.
കൗൺസിലിന്റെ നേതൃത്വത്തിൽ 2000 ൽ അമേരിക്കയിലും 2001 ൽ സിംഗപ്പൂരിലും 2003 കൊച്ചിയിലും നടന്ന ശ്രീനാരായണ വേൾഡ് കൺവൻഷനി ൽ അദ്ദേഹം കുടുംബസമേതം പങ്കെടുത്തിരുന്നു.
കൗൺസിലിന്റെ ഇന്റർനാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാനായിരുന്നു ഭരതൻ. കൊച്ചിയിൽ നടന്ന കൺവൻഷന്റെ സംഘാടകരിൽ പ്രമുഖനുമായിരുന്നു. ഇരിങ്ങാലക്കുടയിലെ സാമൂഹ്യക്ഷേമപദ്ധതികളിലും, വിദ്യാഭ്യാസമേഖലയിലും, സാമുദായികോദ്ധാരണത്തിലും ഒഴിച്ചു നിറുത്താനാവാത്ത സാന്നിദ്ധ്യമായി കാട്ടിക്കുളം ഭരതൻ മാറുകയായിരുന്നു.