sleep

ഉറക്കം എന്നത് എല്ലാ ജീവജാലങ്ങൾക്കും വളരെ അത്യാവശ്യമായ ഒരു പ്രക്രിയയാണ്. പ്രായഭേദമനുസരിച്ച് വിവിധ ജന്തുക്കളിൽ ഉറക്കത്തിന് സമയ വ്യത്യാസമുണ്ട്. 20 മുതൽ 22 മണിക്കൂർ വരെ ദീർഘമായി ഉറങ്ങുന്നവയാണ് കൊവാലകൾ. വനത്തിൽ 10 മണിക്കൂറേ ഉള്ളുവെങ്കിലും കൂട്ടിനുള്ളിൽ 20 മണിക്കൂർ വരെ ഉറങ്ങുന്ന ജീവികളാണ് സ്ളോത്തുകൾ. നമ്മുടെ വനത്തിലെ ഗാംഭീര്യമേറിയ ജീവികളായ കടുവകൾ ഒരുദിവസം 18 മുതൽ 19 മണിക്കൂർ വരെ ഉറങ്ങും.

പലപ്പോഴും ചെറുപ്പകാലങ്ങളിൽ മനുഷ്യന് വളരെയധികം ഉറങ്ങാനാകും. കുട്ടികൾക്ക് ഒൻപത് മുതൽ 12 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. പൂർണവളർച്ചയെത്തിയ മനുഷ്യന് കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കം കിട്ടണം. ഇത്തരത്തിൽ ഉറക്കം ലഭിക്കാത്തവർക്ക് നല്ല ഉറക്കം കിട്ടാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ചില ഗവേഷകർ. സാധാരണ ഉറക്കം ലഭിക്കാൻ ചെറിയ ശബ്‌ദത്തിൽ പാട്ടുകേൾക്കുകയോ മുറിയിൽ ഇരുട്ടുള്ള സാഹചര്യമുണ്ടാകുകയോ ഒക്കെയാണ് പലരും ചെയ്യാറ്. എന്നാൽ രോഗാവസ്ഥയുടെ ഭാഗമായും മറ്റും ചിലർക്ക് ഉറക്കം എന്നത് വലിയൊരു കടമ്പയാണ്. അത്തരം പ്രശ്‌നമുണ്ടാകുന്ന ആർക്കും ആഴത്തിലുള്ള ഉറക്കം ലഭിക്കാൻ വഴി തെളിഞ്ഞിരിക്കുകയാണ്.

സിബിഎൻ: കഞ്ചാവിൽ നിന്ന് വേർതിരിച്ചെടുക്കാവുന്ന സിബിഎൻ എന്ന ഘടകമാണ് ആഴത്തിലുള്ള ഉറക്കം നൽകാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നത്. സിഡ്‌നി സർവകലാശാലയിലെ ശാസ്‌ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ന്യൂറോ സൈക്കോഫാർമക്കോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ കന്നാബിനോൾ (സിബിഎൻ) എലികളിൽ ഉറക്കത്തിലെ വിവിധ ചക്രങ്ങളായ നോൺ റാപ്പിഡ് ഐ മൂവ്‌മെന്റ്, റാപ്പിഡ് ഐ മൂവ്മെ‌ന്റ് എന്നിവ വർദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തിയത്.

എലികളിലെ പരീക്ഷണം: ശാരീരികമായ ഊർജം മടക്കിക്കൊണ്ടുവരാൻ സഹായിക്കുന്നതരം ആഴത്തിലുള്ളതും,ഓർമ്മകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതുമായ ഉറക്കമാണ് നോൺ റാപ്പിഡ് ഐ മൂവ്‌മെന്റ് ഉറക്കം. സ്വപ്‌നം കാണുന്നതും നമ്മുടെ പ്രവർത്തനങ്ങൾക്ക് ചിട്ടയുണ്ടാകുന്നതും റാപ്പിഡ് ഐ മൂവ്‌മെന്റ് ഉറക്കത്തിലാണ്. 'സിബിഎൻ വഴി പ്രായമായവരിൽ നല്ല ഉറക്കത്തിന് സാദ്ധ്യത തെളിയുമെന്നാണ് മുൻപേ പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യം തെളിയിക്കുന്ന കൃത്യമായ തെളിവുകളൊന്നും ലഭ്യമായിരുന്നില്ല.' പഠനത്തിന് നേതൃത്വമേകിയ ജോനാഥൻ അർനോൾഡ് പറയുന്നു. എലികളിലെങ്കിലും ഫലപ്രദമായി സിബിഎൻ വഴി ഉറക്കം കൂടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശുദ്ധീകരിച്ച സിബിഎൻ എലികളുടെ ഉറക്കത്തിലുണ്ടാക്കുന്ന ഫലങ്ങളെ ലാംബെർട്ട് ഇനിഷ്യേറ്റീവ് ഫോർ കന്നാബിനോയിസ് തെറാപിറ്റിക്‌സിലെ ശാസ്‌ത്രജ്ഞർ ഹൈടെക് നിരീക്ഷണം നടത്തിയിരുന്നു.

cannabis

രോഗികളിലെ പരീക്ഷണം: ഉറക്കമില്ലായ്‌മ പ്രശ്‌നം നേരിടുന്ന രോഗികളിൽ ഈ പരീക്ഷണം നടത്തിത്തുടങ്ങിയതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഇത് മികച്ച ഫലം തരുന്നതായും പ്രസിദ്ധീകരണത്തിന് തയ്യാറാകുന്ന ഗവേഷണ ലേഖനത്തിൽ പറയുന്നു. കഞ്ചാവിൽ ലഹരി നൽകുന്ന ഘടകമായ ഡെൽറ്റ9-ടെട്രാ‌ഹൈഡ്രോകാനബൈനോളിന്റെ അന്തിമഫലമാണ് സിബിഎൻ.

ഗുണം മാത്രമല്ല ദോഷവും: സിബിഎൻ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നതിന് ഗുണം മാത്രമല്ല ദോഷങ്ങളുമുണ്ട് എന്നാണ് ഗവേഷക‌ർ കണ്ടെത്തിയിരിക്കുന്നത്. ഉറക്കമില്ലായ്‌മ പ്രശ്‌നത്തിന് പരിഹാരം കാണാമെങ്കിലും ഇവയ്‌ക്ക് പാർശ്വഫലങ്ങളുമുണ്ട്. കഞ്ചാവടക്കം ലഹരി വസ്‌തുക്കളെ ആശ്രയിക്കാൻ ഇത് കാരണമായേക്കും. നിരോധിച്ച രാജ്യങ്ങളിൽ പോലും കഞ്ചാവ് എത്താൻ ഈ പഠനവും അതിലെ കണ്ടെത്തലും ഇടയാക്കുമെന്നും ഗവേഷകർ പറയുന്നു. ശാ‌സ്‌ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സിബിഎൻ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ ഇതിനകം ഉറക്കമില്ലായ്‌മ പ്രശ്‌നമുള്ളവർക്ക് സഹായകമായി വലിയതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്.