
കൊച്ചി: കൈക്കൂലി വാങ്ങിയതിന് എറണാകുളം അസിസ്റ്റന്റ് ലേബർ കമ്മീഷണർ അറസ്റ്റിലായി. ഉത്തർപ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബി.പി.സി.എൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് ഇയാൾ 20,000 രൂപ കൈക്കൂലി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷൻ ഓഫീസിൽ വച്ചായിരുന്നു സംഭവം. ഇന്ന് രാവിലെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ പിടിക്കപ്പെട്ടത്. ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തിവരികയാണ്.
കഴിഞ്ഞ ദിവസം പ്രവാസി മലയാളിയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി തഹസിൽദാറും അറസ്റ്റിലായിരുന്നു. ആലത്തൂർ സ്വദേശി സുഭാഷ് കുമാർ ടി കെ ആണ് വിജിലൻസിന്റെ പിടിയിലായത്. കോട്ടയം വൈക്കത്തായിരുന്നു സംഭവം. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. പ്രവാസിയിൽ നിന്ന് 60,000 രൂപയാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.