mohanlal-antony-perumbavo

ഒരു തൊഴിലാളിയായി വന്ന് മുതലാളിയായി മാറിയ ആളാണ് ആന്റണി പെരുമ്പാവൂർ. ഒരു താരത്തിന്റെ ഡ്രൈവറായി വന്ന് പിന്നീട് മലയാള സിനിമയെ നയിക്കുന്ന നായകന്മാരിൽ ഒരാളായി മാറി ആന്റണി. ആദ്യനിർമ്മാണ ചിത്രം നരസിംഹം ഗംഭീര വിജയം കൈവരിച്ചതോടെ ആന്റണിയുടെ മുമ്പിൽ പുതിയ പടവുകൾ തുറക്കപ്പെട്ടു. സിനിമാക്കാർക്കിടയിൽ ആന്റണിക്ക് കിട്ടിയ അംഗീകാരമായിരുന്നു ഫിയോക്കിന്റെ ഭാരവാഹിത്വം.

വർഷങ്ങളായി മോഹൻലാലിന്റെ ഓരോ കാര്യവും തീരുമാനിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഒരു മോഹൻലാൽ ചിത്രം നടക്കണമെങ്കിൽ ആന്റണിയുടെ സപ്പോർട്ട് കൂടിയേ തീരൂ. ആ തീരുമാനം അനുസരിച്ചേ ലാൽ മുന്നോട്ടു പോവുകയുള്ളൂവെന്ന് പറയുകയാണ് നിർമ്മാതാവും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. അതുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം അഷ്‌റഫ് പറയുന്നു.

സംവിധായകൻ ഫാസിലിന്റെ അനുജനാണ് കയസ്. അദ്ദേഹം പല സിനിമകളും നിർമ്മിച്ചിട്ടുണ്ട്. ലാലുമായിട്ട് നല്ല ടേംസുള്ള ആളുമാണ്. സിദ്ദിഖിന്റെ സംവിധാനത്തിൽ മോഹൻലാലിനെയും ഫഹദിനെയും വച്ച് ഒരു സിനിമ നിർമ്മിക്കാൻ കയസിന് അവസരം വന്നു. മനോഹരമായ കഥ സിദ്ദിഖ് മെനഞ്ഞെടുത്തിരുന്നു. ലാലിനും ഫഹദിനും കഥ വളരെ ഇഷ്‌ടമായി.

ലാലേട്ടന്റെ ഡേറ്റ് അനുസരിച്ച് താനും ഡേറ്റ് തരാമെന്ന് ഫഹദ് സമ്മതിക്കുകയും ചെയ്‌തു. അങ്ങനെ ഷൂട്ടിംഗ് ഡേറ്റ് തീരുമാനിക്കാനായി ലാലിനെ കാണാൻ കയസിനൊപ്പം ഞാനും ലൊക്കേഷനിൽ എത്തി. എന്തും തുറന്നടിച്ച് പറയുന്ന സ്വഭാവക്കാരനാണ് കയസ്. പക്ഷേ ആള് വളരെ നീറ്റ് ആണ്.

ലാലിനോട് സംസാരിച്ചു നിൽക്കവെ അദ്ദേഹം കയസിനോട് പറഞ്ഞു, കയസേ ആന്റണിയെ ഒന്ന് കണ്ടിട്ട് ഡേറ്റിന്റെ കാര്യങ്ങളൊക്കെ ഒന്ന് സംസാരിക്ക്. പെട്ടെന്ന് കയസിന്റെ മുഖമങ്ങ് മാറി. അതൊന്നും എന്നെകൊണ്ട് പറ്റില്ല. ലാലുമായിട്ടുള്ള ഡയറക്‌ട് ഇടപാടേയുള്ളൂ. വേറൊരാളുമായിട്ട് എനിക്ക് പറ്റില്ല എന്നായി കയസ്. ഇതു കേട്ടതും ചിരിച്ചുകൊണ്ടുനിന്ന മോഹൻലാലിന്റെ മുഖം വേറൊരു രൂപത്തിലേക്ക് മാറി. വളരെ ഗൗരവത്തോടെ കുറച്ചു സമയം അദ്ദേഹം ഒന്നും മിണ്ടാതെ നിന്നു. ലാൽ കാരവാനിലേക്ക് പോയി ഇരുന്നു. ആ വലിയ പ്രോജക്‌ട് അതോടെ ഒറ്റ തെറിക്കലായിരുന്നു. ആന്റണി പെരുമ്പാവൂരിനെ മാറ്റി നിറുത്തി ഒരു പരിപാടിയും നടക്കില്ല എന്ന് വീണ്ടും തെളിഞ്ഞു. ആന്റണി ഇല്ലെങ്കിൽ എത്ര വലിയ പ്രോജക്‌ട് ആയാലും വേണ്ട എന്ന നിലപാടാണ് മോഹൻലാലിന്റേത്.