
കൊച്ചി: അമേരിക്കയിൽ ഗൗതം അദാനിക്കെതിരെയുള്ള കുറ്റപത്രവും അറസ്‌റ്റ് വാറണ്ടും അദാനി ഗ്രൂപ്പിന്റെ ധന സമാഹരണത്തെ പ്രതികൂലമായി ബാധിച്ചേക്കും. സൗരോർജ കരാർ നേടുന്നതിന് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതുൾപ്പെടെയുളള നിർണായക വിവരങ്ങൾ മറച്ച് വെച്ച് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് കടപ്പത്ര വിൽപ്പനയിലൂടെ പണം സമാഹരിച്ച് വഞ്ചിച്ചുവെന്ന പേരിലാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് കമ്മീഷൻ(എസ്.ഇ.സി) കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ നടപടിയെ തുടർന്ന് 60 കോടി ഡോളറിന്റെ കടപ്പത്ര വിൽപ്പന അദാനി ഗ്രൂപ്പ് നിറുത്തിവെച്ചിരുന്നു. രണ്ടു ദിവസമായി അദാനി ഗ്രൂപ്പിന്റെ ബോണ്ടുകൾ കനത്ത വിലയിടിവാണ് ആഗോള വിപണികളിൽ നേരിട്ടത്.
പുതിയ സംഭവ വികാസങ്ങൾ വൈദ്യുതി വിതരണം, തുറമുഖ നിർമ്മാണം തുടങ്ങിയ മേഖലകളിലെ വികസനത്തിന് പണം കണ്ടെത്താനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതികളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് പ്രമുഖ ഏജൻസികൾ പറയുന്നു. അദാനി ഗ്രീൻ എനർജിയുടെ ബോണ്ട് വിൽപ്പനയും തടസപ്പെടാൻ ഇടയുണ്ട്.
അദാനി കമ്പനികൾക്ക് വായ്പ നൽകിയിട്ടുള്ള ആഗോള ബാങ്കുകൾ ഭാവിയിൽ അധിക പണം അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെന്നും വാർത്തകളുണ്ട്.,
വമ്പൻ വളർച്ച ലക്ഷ്യമിടുന്ന ഗ്രൂപ്പിന് ഓഹരി, കടപ്പത്ര വിപണികളിൽ നിന്ന് തുടർച്ചയായി പണം സമാഹരിക്കേണ്ടതുണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ നിക്ഷേപകരെ ലഭിക്കാൻ പ്രയാസമാണെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ എസ്. ആൻഡ് പി മുന്നറിയിപ്പ് നൽകുന്നു.
പ്രതികൂലം
1.അടിസ്ഥാന സൗകര്യ വികസനത്തിനും വിപുലീകരണത്തിനും അധിക നിക്ഷേപത്തിന് പണം കണ്ടെത്താൻ പുതിയ മാർഗങ്ങൾ തേടേണ്ടിവരും
2. വിദേശ വിപണികളിൽ കടപ്പത്രങ്ങൾ പുറത്തിറക്കുന്നതിനും വിദേശ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നതിനും പരിമിതികളുണ്ടാകും
3. ഗ്രൂപ്പ് കമ്പനികളുടെ നിലവിലുള്ള നിർമ്മാണ പ്രവർത്തനങ്ങളെ പണ ദൗർലഭ്യം പ്രതികൂലമായി ബാധിച്ചേക്കും