snake-at-sabarimala

ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം വലിയ സർപ്പത്തെ ദർശിച്ച് ഭക്തർ. രാവിലെ ഒമ്പതരയോടെ പതിനെട്ടാം പടിക്ക് താഴെ മഹാ കാണിയ്ക്ക ഭാഗത്ത് നിന്നും അപ്പം , അരവണ കൗണ്ടറുകളിലേക്ക് പോകുന്നതിനുള്ള അടിപ്പാതയുടെ പടിക്കെട്ടിന്റെ തുടക്കഭാഗത്തെ കൈവരിയിലാണ് സർപ്പം എത്തിയത്. ആയില്യം നാൾ കൂടി ആയതിനാൽ പലരും സർപ്പത്തെ വണങ്ങുകയും ചെയ‌്തു.

നൂറുകണക്കിന് ഭക്തർ കടന്നുപോകുന്ന പടിക്കെട്ടിന്റെ തുടക്ക ഭാഗത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരാണ് കൈവരിയിൽ നീണ്ടു നിവർന്നു കിടക്കുന്ന നിലയിൽ സർപ്പത്തെ ആദ്യം കണ്ടത്. തുടർന്ന് ഭക്തർ അതുവഴി വരുന്നത് തടഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെ സർപ്പം കൈവരിയിൽ നിന്നും പടിക്കെട്ടിലേക്ക് നീങ്ങി. 20 മിനിട്ടോളം എടുത്താണ് പിടികൂടാൻ സാധിച്ചത്.

വിഷമില്ലാത്തയിനം കാട്ടുപാമ്പ് ആണ് ഇതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സന്നിധാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിഷപ്പാമ്പുകളെ പിടികൂടാറുണ്ടെങ്കിലും പതിനെട്ടാം പടിക്ക് സമീപത്തു നിന്നും പാമ്പിനെ പിടികൂടുന്നത് ആദ്യമാണെന്ന് ഇവർ പറയുന്നു.