peter

അങ്കമാലി: മാലദ്വീപിൽ എട്ടിന് നടന്ന ലോക ശരീരസൗന്ദര്യ മത്സരത്തിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ അങ്കമാലി സ്വദേശി ഡോ. പീറ്റർ ജോസഫ് ഇന്ത്യക്കായി വെള്ളിമെഡൽ നേടി. കഴിഞ്ഞവർഷം ദക്ഷിണ കൊറിയയിൽ നടന്ന ഇതേ ചാമ്പ്യൻഷിപ്പിൽ ഇദ്ദേഹം സ്വർണമെഡൽ ജേതാവായിരുന്നു. ഭാരോദ്വഹനത്തിലും 2019ൽ അമേരിക്കയിൽ നടന്ന ലോകമത്സരത്തിലും ഇന്ത്യക്കായി സ്വർണം നേടിയിട്ടുണ്ട്. ഭാരോദ്വഹനത്തിലും ശരീരസൗന്ദര്യമത്സരത്തിലും ലോകചാമ്പ്യനായിട്ടുള്ള ഏക വ്യക്തിയാണ്. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഡോ. പീറ്റർ സ്വയംവിരമിച്ചശേഷമാണ് മേഖലയിലേക്ക് തിരിഞ്ഞത്.

അദ്ദേഹം കണ്ടുപിടിച്ച മാജിക് ജിം മെഷീന് കഴിഞ്ഞവർഷം പേറ്റന്റ് ലഭിക്കുകയുണ്ടായി. അങ്കമാലി ലീഹാൻസ് ജിമ്മിന്റെ ഉടമയാണ്. കാലടി ശ്രീശങ്കര കോളേജിൽ നിന്ന് 19-ാം വയസിൽ കേരള സർവകലാശാലയിൽ ഭാരോദ്വഹനത്തിൽ സ്വർണം നേടിയാണ് കായിക ജീവിതം ആരംഭിച്ചത്. അമേരിക്കൻ യൂണിവേഴ്സിറ്റി യു.എസ്.എയിൽ നിന്ന് ഫിറ്റ്നസ് പരിശീലനത്തിൽ ഓണററി ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

 കിരീടനേട്ടങ്ങളേറെ

ആലുവ യു.സി കോളേജിൽ ബിരുദാനന്തരബിരുദം നേടി കേരള സർവകലാശാല ശരീരസൗന്ദര്യമത്സരത്തിൽ സ്വർണം നേടി. 21-ാംവയസിൽ മിസ്റ്റർ കേരള പട്ടം, ചെന്നൈയിൽ റെയിൽവേയിൽ ജോലി ചെയ്യുമ്പോൾ 1990-ൽ മിസ്റ്റർ തമിഴ്നാടായി. മിസ്റ്റർ സൗത്ത് ഇന്ത്യ 2002-ൽ, 2010-ൽ മിസ്റ്റർ ഇന്ത്യ നേടി റെക്കാഡ് സൃഷ്ടിച്ചു.


2012 വേൾഡ് മാസ്റ്റേഴ്‌സ് ലോക സൗന്ദര്യമത്സരത്തിൽ ഗ്രീസിൽ ഭാരോദ്വഹനത്തിലും ബോഡി ബിൽഡിംഗിലും ലോക സ്വർണമെഡലുകൾ നേടിയ ഏകവ്യക്തിയുമാണ്‌.