chatheesgarh

റായ്പൂർ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്നലെ പുലർച്ചെ ഭണ്ഡർപദറിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. എ.കെ 47 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങൾ സൈന്യം കണ്ടെത്തി.

വനമേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും പത്ത് മൃതദേഹങ്ങളും കണ്ടെടുത്തുവെന്നും ബസ്തർ ഐ.ജി പി. സുന്ദർരാജ് സ്ഥിരീകരിച്ചു. ഒഡീഷ വഴി മാവോയിസ്റ്റുകൾ ഛത്തീസ്ഗഢിലേക്ക് കടന്നുവെന്ന് ലഭിച്ച വിവരത്തെത്തുടർന്ന് ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി) ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു.

മേഖലയിൽ ആന്റി മവോയിസ്റ്ര് ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാസേനകൾ നടത്തുന്ന ഓപ്പറേഷൻ തുടരുകയാണ്.

ഈ വർഷം 257

കഴിഞ്ഞ ആഴ്ച മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഇതോടെ ഈ വർഷം കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ 257 ആയി. 861 പേർ അറസ്റ്റിലാവുകയും 789 പേർ കീഴടങ്ങുകയും ചെയ്തു. ബിജാപൂർ അടക്കമുള്ള ഏഴ് ജില്ലകളിലാണ് ഏറ്റവുമധികം ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ളത്. ഒക്ടോബർ നാലിന് നാരായൺപൂർദന്തേവാഡ ജില്ലകളുടെ അതിർത്തിയിൽ നടന്ന പ്രത്യേക ഓപ്പറേഷനിൽ 31 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു.

2026ഓടെ ഛത്തീസ്ഗഢ് പൂർണമായും മാവോയിസ്റ്റ് മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

മാവോയിസ്റ്റ് പ്രവർത്തനങ്ങളോട് സഹിഷ്ണുതയില്ലാത്ത നയമാണ് സർക്കാരിന്റേത്. ബസ്തറിലെ വികസനവും സമാധാനവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കുകയാണ് പ്രഥമ പരിഗണന.
വിഷ്ണുദേവ് സായി

ഛത്തീസ്ഗഢ് മുഖ്യമന്ത്രി