
നിക്ഷേപകരുടെ ആസ്തിയിൽ ഏഴ് ലക്ഷം കോടി രൂപയുടെ വർദ്ധന
വിപണി ആഘോഷ മൂഡിലേക്ക്
കൊച്ചി: അദാനിക്കെതിരെയുള്ള അമേരിക്കൻ കോടതി നടപടികളെ തുടർന്ന് വ്യാഴാഴ്ച തകർച്ച നേരിട്ട ഇന്ത്യൻ ഓഹരി വിപണി ഇന്നലെ അതിശക്തമായി തിരിച്ചുകയറി. അഞ്ച് മാസത്തിനിടെയിലെ ഏറ്റവും വലിയ റാലിയാണ് ഇന്നലെ ദൃശ്യമായത്. സെൻസെക്‌സ് 1.961.32 പോയിന്റ് ഉയർന്ന് 79,117.11ൽ അവസാനിച്ചു. നിഫ്റ്റി 557.35 പോയിന്റ് കുതിപ്പോടെ 23,907.25ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും വൻ മുന്നേറ്റമാണ് നടത്തിയത്. വിപണിയിലെ നിക്ഷേപകരുടെ മൊത്തം ആസ്തിയിൽ ഇന്നലെ മാത്രം ഏഴ് ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി.
ആഗോള മേഖലയിലെ അനുകൂല വാർത്തകളും മഹാരാഷ്ട്ര, ജാർക്കണ്ഡ് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മികച്ച വിജയം നേടാനുള്ള സാദ്ധ്യതകളുമാണ് നിക്ഷേപകർക്ക് ആവേശം പകർന്നത്. അമേരിക്കയിൽ തൊഴിൽ മേഖല മികച്ച വളർച്ച നേടിയതോടെ ഐ.ടി കമ്പനികൾക്ക് അനുകൂല സാഹചര്യമൊരുങ്ങിയെന്നും വിലയിരുത്തുന്നു.
ഐ.ടി, ധനകാര്യ, വാഹന, കൺസ്യൂമർ ഗുഡ്സ് മേഖലകളിലെ ഓഹരികളാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ചൈനയിലെ ഓഹരി വിപണിയിലുണ്ടായ ഇടിവും ഇന്ത്യയ്ക്ക് ഗുണമായി.
ഏഴ് ആഴ്ചകളിൽ കരടികളുടെ പിടിയിലായിരുന്ന വിപണി ഇന്നലെ കാളകളുടെ നിയന്ത്രണത്തിലായി. ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ നടക്കുന്ന കേസും അന്വേഷണവും വിപണി പൂർണമായും അവഗണിച്ചു.
മുന്നിൽ നിന്ന് നയിച്ച് റിലയൻസ്
ഇന്നലെ വിപണിയിലുണ്ടായ കുതിപ്പിന് റിലയൻസ് ഇൻഡസ്ട്രീസാണ് നേതൃത്വം നൽകിയത്. ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി എന്നിവയും മികച്ച നേട്ടമുണ്ടാക്കി. വിദേശ ധന സ്ഥാപനങ്ങൾ വലിയ ഇടവേളയ്‌ക്ക് ശേഷം വിപണിയിൽ വീണ്ടും സജീവമായി. ആഭ്യന്തര ഫണ്ടുകളും മികച്ച വാങ്ങൽ താത്പര്യമാണ് പ്രകടിപ്പിച്ചത്.
ശക്തി നേടി രൂപയും
ആഗോള വിപണിയിൽ ഡോളർ ദുർബലമായതോടെ രൂപ ഇന്നലെ നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. ഓഹരി വിപണിയിലെ വൻ മുന്നേറ്റവും വിദേശ നിക്ഷേപകരുടെ പണമൊഴുക്കും രൂപയ്ക്ക് കരുത്ത് പകർന്നു. ഒരവസരത്തിൽ 84.5 വരെ താഴ്ന്ന രൂപ വ്യാപാരാന്ത്യത്തിൽ 84.44ൽ അവസാനിച്ചു.