
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് പങ്കുണ്ടെന്ന റിപ്പോർട്ട് തള്ളി കാനഡ.
കനേഡിയൻ ദിനപത്രമായ 'ദ ഗ്ലോബ് ആൻഡ് മെയിൽ" പുറത്തുവിട്ട റിപ്പോർട്ടാണ് തള്ളിയത്. റിപ്പോർട്ടിനെതിരെ ഇന്ത്യ അതിശക്തമായി പ്രതികരിച്ചിരുന്നു. പിന്നാലെയാണ് കാനഡയുടെ ഔദ്യോഗിക വിശദീകരണം.
കാനഡയിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മോദിയുൾപ്പെടെ നേതാക്കൾക്ക് ബന്ധമുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ വെറും ഊഹാപോഹമാണെന്ന് കനേഡിയൻ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പേരു വെളിപ്പെടുത്താത്ത കനേഡിയൻ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാദ്ധ്യമ റിപ്പോർട്ട്. അതുകൊണ്ട് തന്നെ വിശ്വാസ്യതയുള്ളതല്ലെന്നും കനേഡിയൻ സർക്കാർ പറയുന്നു.
2023 ജൂൺ 18നാണ് ഖാലിസ്ഥാൻ വാദിയായ ഹർദീപ് സിങ് നിജ്ജർ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിരവധി തവണ ആരോപിച്ചിട്ടുണ്ട്.
കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണ് എന്നതാണ് കാനഡയുടെ ആരോപണത്തിന് കാരണം.
മുന്നറിയിപ്പ്
ഫലംകണ്ടു
പ്രധാനമന്ത്രിക്കെതിരെ ഉൾപ്പെടെ അസത്യം പടച്ചുവിടുന്നതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു
രാജ്യത്തെ അപകീർത്തിപ്പെടുത്തുകയെന്ന ഗൂഢ ലക്ഷ്യമാണ് പിന്നിലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു
അതിരുവിട്ടുള്ള പ്രചാരണങ്ങൾ ഇന്ത്യ-കാനഡ ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാക്കുമെന്ന് മുന്നറിയിപ്പും നൽകി
കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രിക്കെതിരായ മാദ്ധ്യമ റിപ്പോർട്ട് കാനഡ തള്ളിയത്