kk

തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതിന് ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനം. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായ ജുഡിഷ്യൽ കമ്മിഷനെയാമ് സർക്കാർ നിയോഗിച്ചത്. എല്ലാവശവും വിശദമായി പരിശോധിച്ചെന്ന് വ്യക്തമാക്കിയ സർ‌ക്കാർ സംഭവത്തിന്റെ ചരിത്ര പശ്ചാത്തലം,​ നിയമവശങ്ങൾ,​ ഹൈക്കോടതിയിലെ കേസുകൾ എന്നിവയും ചർച്ച ചെയ്തു

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന് മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, വി. അബ്ദുറഹിമാൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൈവശാവകാശമുള്ള ആരെയും ഒഴിപ്പിക്കില്ലെന്നും മന്ത്രിമാർ‌ പറഞ്ഞു. സ്ഥലത്ത് നിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് ഇനിയാർക്കും വഖഫ് ബോർഡ് നോട്ടീസ് നൽകില്ല. പെട്ടെന്ന് ഒരു തീരുമാനം എടുത്താ ൽ താമസക്കാർക്ക് തിരിച്ചടി ഉണ്ടാകും. അതുകൊണ്ടാണ് ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജുഡിഷ്യൽ കമ്മിഷൻ പരിശോധിക്കും. മൂന്നുമാസം കൊണ്ട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും സമരക്കാരുമായി മുഖ്യമന്ത്രി ചർച്ച നടത്തുമെന്നും സമരം പിൻവലിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.

ഭൂമിയിലുള്ള റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താമസക്കാർ ആരംഭിച്ച സമരം 43 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ഭാഗത്ത് നിന്നുള്ള നിർണായക നീക്കം,​ അതേസമയം ജുഡിഷ്യൽ കമ്മിഷനെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനത്തിൽ നിരാശയെന്ന് സമരസമിതി വ്യക്തമാക്കി. പ്രതിഷേധം ശക്തമാക്കുമെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.