erumeli-vavar-temple

ഹൈദരാബാദ്: ശബരിമല ദര്‍ശനത്തിനായി കേരളത്തില്‍ പോകുന്ന അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളി സന്ദര്‍ശിക്കരുതെന്ന് തെലങ്കാനയിലെ ബിജെപി നേതാവ് രാജാ സിംഗ്. തെലങ്കാനയില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ് രാജാ സിംഗ്. വാവര്‍സ്വാമി ദര്‍ഗയിലും പള്ളിയിലും അയ്യപ്പഭക്തര്‍ സന്ദര്‍ശനം നടത്തരുതെന്ന പ്രസ്താവന വിവാദത്തിലായിരിക്കുകയാണ്. ഹിന്ദുക്കള്‍ കുഴിമാടങ്ങള്‍ക്കുമുന്നില്‍ വണങ്ങുകയോ കൈകൂപ്പുകയോ ചെയ്യാന്‍ പാടില്ലെന്നാണ് ഹിന്ദുയിസം വ്യക്തമായി പഠിപ്പിക്കുന്നതെന്നത് അയ്യപ്പഭക്തര്‍ മനസ്സിലാക്കണമെന്നാണ് രാജാ സിംഗിന്റെ പ്രസ്താവന.

അതേസമയം, രാജാ സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാനത്ത് നിന്നുള്ള അയ്യപ്പ ഭക്തര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കാലങ്ങളായി ശബരിമല സന്ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ വാവര്‍ പള്ളിയിലും എത്താറുണ്ട്. ഈ പാരമ്പര്യം കമ്മ്യൂണിസ്റ്റുകള്‍ സൃഷ്ടിച്ചെടുത്തതാണെന്നും അയ്യപ്പ ഭക്തര്‍ അത് പിന്തുടരേണ്ട ആവശ്യമില്ലെന്നുമാണ് ബിജെപി എംഎല്‍എയുടെ വാദം. തങ്ങളെ വഴിതെറ്റിക്കാനുള്ള പ്രചാരണങ്ങളില്‍ അയ്യപ്പ ഭക്തര്‍ വീണുപോയെന്നാണ് എംഎല്‍എയുടെ അഭിപ്രായം.

'പല അയ്യപ്പ സ്വാമി പൂജകളിലും ദര്‍ഗ സന്ദര്‍ശിക്കുന്നവരെയും അതില്‍ വിശ്വസിക്കുന്നവരെയും ക്ഷണിക്കുന്നത് ഞാന്‍ കാണാറുണ്ട്. ചിലപ്പോള്‍ മുസ്‌ലിംകളെയും അതിലേക്ക് ക്ഷണിക്കുന്നു. നമ്മളെങ്ങോട്ടാണ് പോകുന്നത് ആ കെണിയില്‍ നമ്മള്‍ വീഴുകയാണോ -രാജാ സിംഗ് ചോദിക്കുന്നു. വാവര്‍ പള്ളി സന്ദര്‍ശിക്കാതെ ശബരിമല തീര്‍ഥാടനം പൂര്‍ത്തിയാകില്ലെന്നാണ് അയ്യപ്പ ഭക്തരുടെ വിശ്വാസം. ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ വാവര്‍ പള്ളിയും സന്ദര്‍ശിക്കുന്നതാണ് കാലങ്ങളായുള്ള പതിവ്.