sports

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത 10 ഗോളുകള്‍ക്കാണ് കേരളം ലക്ഷദ്വീപിനെ മുക്കി താഴ്ത്തിയത്. കേരള ടീമിന് വേണ്ടി ഇ. സജീഷ് ഹാട്രിക് നേടിയപ്പോള്‍ മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടി. നസീബ് റഹ്‌മാന്‍, വി. അര്‍ജുന്‍, മുഹമ്മദ് മുഷറഫ് എന്നിവരാണ് മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.

ആറാം മിനിറ്റില്‍ അജ്സലിലൂടെ ആദ്യ ഗോള്‍ നേടി. പിന്നീട് തുടര്‍ച്ചയായ ഇടവേളയില്‍ ലീഡ് വര്‍ധിപ്പിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ ഒരു ഗോളിന് തോല്‍പ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനല്‍ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്ച പുതുച്ചേരിക്കെതിരെയാണ് അടുത്ത മത്സരം. ഈ മത്സരത്തില്‍ കേരളത്തിന് സമനില നേടിയാല്‍ മാത്രം മതി. ഡിസംബര്‍ അഞ്ചിന് ഹൈദരാബാദിലാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ജയത്തോടെ പോണ്ടിച്ചേരിയും റെയില്‍വേസും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എച്ചില്‍ കേരളം ഒന്നാംസ്ഥാനത്തെത്തി. ആദ്യ കളിയില്‍ കേരളം റെയില്‍വേസിനെ ഒരു ഗോളിനാണ് തോല്‍പിച്ചത്. കേരളത്തെ മികച്ചൊരു നീക്കം നടത്തി വിറപ്പിക്കാന്‍ പോലും ലക്ഷദ്വീപിന് കഴിഞ്ഞില്ലെന്നതാണ് മത്സരം എത്രമാത്രം ഏകപക്ഷീയമായിരുന്നുവെന്ന് വ്യക്തമാക്കുന്നത്. കേരളത്തിന്റെ ഹാഫിലേക്ക് പന്ത് എത്തിക്കാന്‍ പോലും എതിര്‍ടീമിലെ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

സജീഷ് (37, 78, 89) തിളങ്ങി. അജ്‌സലും (6, 20), ഗനി അഹമ്മദ് നിഗമും (55, 81) ഇരട്ട ഗോളുകള്‍ നേടി. നസീബ് റഹ്‌മാന്‍ (9), വി. അര്‍ജുന്‍ (46), മുഹമ്മദ് മുഷ്‌റഫ് (57) എന്നിങ്ങനെയാണ് കേരളത്തിന്റെ ഗോളുകള്‍