
കൊച്ചി: പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതോടെ ആഗോള വിപണിയിൽ സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. റഷ്യയും ഉക്രെയിനുമായുള്ള രാഷ്‌ട്രീയ സംഘർഷങ്ങളും ധന വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചത്. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,700 ഡോളർ കവിഞ്ഞു. സംസ്ഥാനത്ത് സ്വർണ വില പവന് 640 രൂപ വർദ്ധിച്ച് 57,800 രൂപയായി. ഗ്രാമിന്റെ വില 80 രൂപ ഉയർന്ന് 7,225 രൂപയിലെത്തി. തനിത്തങ്കത്തിന്റെ വില കിലോഗ്രാമിന് 78.5 ലക്ഷം രൂപയിലെത്തി. ഒക്‌ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് സംസ്ഥാനത്ത് പവന്റെ റെക്കാഡ് വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്താൽ ഇന്ന് കേരളത്തിൽ പവൻ വില കുതിച്ചുയരാൻ സാദ്ധ്യതയുണ്ട്.
അമേരിക്കയിലെ പുതിയ പ്രസിഡന്റായി ഡൊണാർഡ് ട്രംപിനെ തിരഞ്ഞെടുത്തതിന് ശേഷമാണ് സ്വർണ വില റെക്കാഡ് ഉയരത്തിൽ നിന്ന് തുടർച്ചയായി കുറഞ്ഞത്. കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടെ പവൻ വില 55,480 രൂപ വരെ ഇടിഞ്ഞതിന് ശേഷമാണ് മുകളിലേക്ക് നീങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവും വില കൂടാൻ സഹായിച്ചു.