travel

തിരുവനന്തപുരം: കേരളത്തിലെ ആഭ്യന്തര യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. കേരളത്തിലെ രണ്ട് പ്രധാന നഗരങ്ങളായ കൊച്ചിയേയും തിരുവനന്തപുരത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ്. ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് എയര്‍ ഇന്ത്യയുടെ സര്‍വീസ് ആരംഭിക്കുന്നത്. നവംബര്‍ 23 മുതലാണ് സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസിന് പുറമേയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങുന്നത്.

മറ്റ് ലേ ഓവറുകളില്ലാതെ നേരിട്ടുള്ള സര്‍വീസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ യാത്രാ സമയം വെറും 50 മിനിറ്റ് മാത്രമാണെന്നതാണ് ഗുണകരമായ കാര്യം. തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ചയും ശനിയാഴ്ചയുമാണ് സര്‍വീസ് രാവിലെ 7.15ന് പുറപ്പെടുന്ന വിമാനം 8.05ന് കൊച്ചിയിലെത്തും. തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമാണ് കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍. രാത്രി 11 മണിക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

തിരുവനന്തപുരം - കൊച്ചി റൂട്ടില്‍ നിരവധി സര്‍വീസുകളുണ്ടെങ്കിലും നേരിട്ടുള്ള സര്‍വീസ് നടത്തുന്നത് ഇന്‍ഡിഗോ മാത്രമാണ്. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന സര്‍വീസില്‍ 2895 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ എന്നാണ് വെബ്സൈറ്റ് പറയുന്നത്. മറ്റ് നിരവധി സര്‍വീസുകള്‍ തിരുവനന്തപുരത്തേയും കൊച്ചിയേയും ബന്ധിപ്പിക്കുന്നുണ്ടെങ്കിലും അവയെല്ലാം ബംഗളൂരുവിലേക്ക് പോയ ശേഷം അവിടെ നിന്ന് കൊച്ചിയിലേക്ക് എത്തുന്നവയാണ്.