
കീവ്: യുക്രെയ്നെതിരെ റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതോടെ മൂന്നാം ലോകയുദ്ധം ആരംഭിച്ചെന്ന് യുക്രെയ്ന്റെ മുൻ സൈനിക മേധാവിയും ബിട്ടനിലെ അംബാസഡറുമായ വലേറി സലൂഷ്‌നി. ഇതോടെ യുദ്ധത്തിൽ റഷ്യൻ സഖ്യകക്ഷികളുടെ നേരിട്ടുള്ള പങ്കാളിത്തവും വ്യക്തമായെന്നും ഒരു ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
യുദ്ധത്തിൽ റഷ്യയുടെ സ്വേച്ഛാധിപത്യ സഖ്യകക്ഷികളുടെ നേരിട്ടുള്ള പങ്കാളിത്തമുണ്ട്. ഉത്തര കൊറിയൻ സൈനികർ യുക്രെയ്നെതിരെ നിലയുറപ്പിച്ചു കഴിഞ്ഞു. ഇറാന്റെ പിന്തുണയും റഷ്യയ്‌ക്കുണ്ട്. ചൈനീസ് ആയുധങ്ങളും ലഭിക്കുന്നു. ഇതെല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടെ യുക്രെയ്ൻ അതിജീവിക്കും. എന്നാൽ ഈ യുദ്ധം തങ്ങൾക്ക് തനിയെ ജയിക്കാനാകുമോ എന്നറിയില്ല.സംഘർഷം നിർത്താൻ ഇപ്പോഴും സാധ്യമാണ്. എന്നാൽ യുക്രെയ്‌ന് ധാരാളം ശത്രുക്കൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
2022 ഫെബ്രുവരിയിൽ റഷ്യൻ കടന്നുകയറ്റം ഒരുപരിധി വരെ തടയാൻ സലൂഷ്‌നിയുടെ നേതൃത്വത്തിൽ സൈന്യത്തിന് കഴിഞ്ഞിരുന്നു. പ്രസിഡന്റ് വൊളോഡമിർ സെലൻസ്കിയുമായുള്ള ഭിന്നതയെ തുടർന്ന് സലൂഷ്‌നിയെ പുറത്താക്കുകയും തുടർന്ന് ബ്രിട്ടനിൽ അംബാസഡറാക്കുകയുമായിരുന്നു. ഇപ്പോൾ ജനറൽ ഒലക്‌സാണ്ടർ സിർസ്‌കിയാണ് സൈനിക മേധാവി.
അതേസമയം, യുക്രെയ്ൻ അതിർത്തിയിൽ പതിനായിരത്തിലേറെ ഉത്തര കൊറിയൻ സൈനികരെയാണ് റഷ്യക്കായി വിന്യസിച്ചിട്ടുള്ളത്. ഇതിന് പ്രത്യുപകാരമായി റഷ്യ വ്യോമ പ്രതിരോധ മിസൈലുകളും മറ്റും ഉത്തര കൊറിയയ്‌ക്ക് നൽകിയതായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ആയുധത്തിന് പകരം എണ്ണ.
ഉപരോധം ലംഘിച്ച് റഷ്യ
യു.എൻ ഉപരോധം ലംഘിച്ച് റഷ്യ ഉത്തര കൊറിയയ്‌ക്ക് എണ്ണ നൽകുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ബ്രിട്ടീഷ് ഗവേഷണ ഗ്രൂപ്പായ ഓപ്പൺ സോഴ്‌സ് സെന്റർ പുറത്തു വിട്ടു. ചിത്രത്തിൽ റഷ്യൻ തുറമുഖത്ത് നങ്കൂരമിട്ട ഉത്തര കൊറിയൻ എണ്ണടാങ്കറുകൾ കാണാം. ഈ വർഷം മാർച്ച് മുതൽ പത്ത് ലക്ഷത്തിലേറെ ബാരൽ എണ്ണയാണ് റഷ്യ നൽകിയത്. എട്ട് മാസത്തിനിടെ 43 തവണ ഒരുഡസനിലേറെ ഉത്തര കൊറിയൻ ടാങ്കറുകൾ റഷ്യയുടെ എണ്ണ ടെർമിനലിൽ എത്തി.
യുക്രെയിൻ യുദ്ധത്തിന് ആക്കം കൂട്ടാൻ ഉത്തര കൊറിയ മോസ്‌കോയിലേക്കയച്ച ആയുധങ്ങൾക്കും സൈനികർക്കുമുള്ള പ്രതിഫലമാണ് എണ്ണയെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഉത്തര കൊറിയയ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ അവരുടെ സമ്പദ്‌വ്യസ്ഥയെ ഞെരുക്കാനാണ് 2017ൽ യു. എൻ എണ്ണ ഉപരോധം ഏർപ്പെടുത്തിയത്. ഒരു വർഷം അഞ്ച് ലക്ഷം ബാരലാണ് യു. എൻ അനുവദിച്ചിരിക്കുന്നത്.. 90ലക്ഷം ബാരലാണ് വേണ്ടത്. ഡീസൽ ഇല്ലെങ്കിൽ ഉത്തരകൊറിയൻ സൈന്യവും ആയുധ ഫാക്‌ടറികളും സ്തംഭിക്കും. റഷ്യ എണ്ണ നൽകിയാണ് പോരായ്മ പരിഹരിക്കുന്നത്. ഓപ്പൺ മാർക്കറ്റിൽ എണ്ണ വാങ്ങാൻ അനുവാദമില്ലാത്ത ഏക രാജ്യമാണ് ഉത്തര കൊറിയ.