a

ആസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ തീരത്തുള്ള സിഡ്നിയിൽ എത്തിയത് അറുപത്തിയേഴാമത് കോമൺവെൽത്ത് പാർലമെന്റ് കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു. കൊച്ചിയിൽ നിന്ന് അബുദാബി വഴി സിഡ്നി എയർപോർട്ടിലെത്തിയപ്പോൾ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സ്വീകരിക്കാനെത്തിയിരുന്നു. കോമൺവെൽത്ത് രാജ്യങ്ങളിലെ നിയമനിർമ്മാണ സഭകൾ അംഗങ്ങളായ, ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടനയാണ് കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ. അതിന്റെ വാർഷിക സമ്മേളനമാണ് കോമൺവെൽത്ത് പാർലമെന്ററി സമ്മേളനം (സി.പി.സി).

ആഗോള പാർലമെന്ററി, രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ സമ്മേളനത്തിൽ കോമൺവെൽത്ത് പാർലമെന്റംഗങ്ങൾ ഒത്തുചേരും. ഓരോ വർഷവും വ്യത്യസ്ത കോമൺവെൽത്ത് പാർലമെന്റുകളാണ് സമ്മേളനം സംഘടിപ്പിക്കുക. ഇപ്രാവശ്യം ഓസ്‌ട്രേലിയയിലെ സിഡ്നിയായിരുന്നു വേദി. നവംബർ ആദ്യവാരം സംഘടിപ്പിക്കപ്പെട്ട കോൺഫറൻസിൽ 120-ൽ അധികം കോമൺവെൽത്ത് പാർലമെന്റുകളിൽ നിന്നും നിയമസഭകളിൽ നിന്നുമായി എഴുനൂറിലേറെ പ്രതിനിധികളാണ് പങ്കാളികളായത്. സിഡ്നിയിലെ ഇന്റർനാഷണൽ കൺവൻഷൻ സെന്റർ ആയിരുന്നു മുഖ്യ വേദി.

സംസ്ഥാന നിയമസഭയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ ഞാനും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്. കുമാറുമാണ് കേരളത്തിൽ നിന്ന് കോൺഫറൻസിൽ പങ്കെടുത്തത്. 'ഇടപെടുക, ശാക്തീകരിക്കുക, നിലനിറുത്തുക : പ്രതിരോധ ശേഷിയുള്ള ജനാധിപത്യത്തിനായുള്ള പരിശീലനാവിഷ്‌കാരം" എന്ന ആശയം ആസ്പദമാക്കിയായിരുന്നു ചർച്ചകളും ശില്പശാലകളും. പാർലമെന്ററി നടപടിക്രമങ്ങളിൽ നിർമ്മിതബുദ്ധിയുടെ (എ.ഐ)​ ഉപയോഗം, വിവേചനപരമായ നിയമനിർമ്മാണങ്ങൾക്ക് എതിരായ പോരാട്ടം, രാഷ്ട്രീയ പ്രവർത്തനങ്ങളിലേർപ്പെടാനും രാഷ്ട്രീയ ജീവിതം നിലനിറുത്താനും സ്ത്രീകളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ സജീവമായ ചർച്ചയായി.

ഉദ്ഘാടന സമ്മേളനത്തിൽ ന്യൂ സൗത്ത് വെയിൽസ് നിയമസഭാ സ്പീക്കർ ഗ്രെഗ് പെപ്പർ, പ്രധാനമന്ത്രി ക്രിസ് മിൻസ്, ഗവർണർ മാർഗരറ്റ് ബീസ്ലി എന്നിവർ പ്രതിനിധികളെ അഭിസംബോധന ചെയ്തു. ഈ വർഷത്തെ 'കോമൺവെൽത്ത് പാർലമെന്റേറിയൻ ഓഫ് ദ ഇയർ" ആയി പാകിസ്ഥാനിലെ പഞ്ചാബ് അസംബ്ലി അംഗമായ ഖുറം ഐജാസ് ചത്താസ് എം.പിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിനുള്ള പുരസ്‌കാര സമർപ്പണത്തോടെ ആയിരുന്നു സി.പി.സി സമാപനം.

അവിടെയും

ചർച്ച,​ കേരളം

സമ്മേളനത്തിനിടയിൽ,​ വിക്ടോറിയൻ ലെജിസ്ലേറ്റീവ് കൗൺസിലിലെ സൗത്ത് ഈസ്റ്റേൺ മെട്രോപൊളിറ്റൻ റീജിയൻ ലേബർ അംഗമായ ലീ ടാർലാമിസുമായുള്ള കൂടിക്കാഴ്ചയും ചർച്ചയും സന്തോഷകരമായ അനുഭവമായിരുന്നു. അദ്ദേഹം അടുത്ത കാലത്ത് കേരളം സന്ദർശിച്ചിരുന്നു. കേരളത്തിന്റെ മനോഹരമായ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. പ്രത്യേകിച്ച്,​ കേരളത്തിന്റെ ടൂറിസം സാദ്ധ്യതകളും ഓസ്‌ട്രേലിയയിൽ കേരളത്തിന്റെ മനോഹാരിത പ്രചരിപ്പിക്കുന്നതിനുള്ള സാദ്ധ്യതകളും! മത്സ്യബന്ധന, തുറമുഖ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം,​ ഇത്തരം മേഖലകളിൽ സഹകരിക്കാനുള്ള താത്പര്യവും വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസം നേടിയ മലയാളികൾ എല്ലായിടത്തും സ്വാധീനവും ആദരവും നേടുന്നുണ്ടെന്ന് ലീ ടാർലാമിസ് പറഞ്ഞു. ഓസ്‌ട്രേലിയയിൽ വിപുലമായ തൊഴിലവസരങ്ങളുണ്ടെന്നും,​ ഉന്നത വിദ്യാഭ്യാസം നേടിയ മലയാളികൾക്ക് അവിടെ ജോലി ലഭ്യമാക്കാനാകുന്ന സാഹചര്യമുണ്ടെന്നും ടാർലാമിസ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ആശയങ്ങളും സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷ.
സിഡ്നിയിൽ ഞങ്ങൾക്ക് താമസ സൗകര്യമൊരുക്കിയിരുന്ന ഷാൻഗ്രിലാ ഹോട്ടലിലെ മുറിയിൽ നിന്നു നോക്കിയാൽ പ്രശസ്തമായ ഓപ്പെറാ ഹൗസും ഹാർബർ ബ്രിഡ്ജും കടൽത്തീരവുമൊക്കെ കാണാമായിരുന്നു.

ബ്രെറ്റ് ലീയുടെ

സമ്മാനം


സമ്മേളനത്തിനിടയിൽ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് മത്സരം കാണാൻ അവസരമുണ്ടായി. കേരളത്തിന്റെ അഭിമാനമായ,​ തലശ്ശേരിയിൽ നിന്നുള്ള മസർ മൊയ്തുവായിരുന്നു ഇന്ത്യൻ എ ടീമിന്റെ ഫീൽഡിംഗ് കോച്ച്. അദ്ദേഹത്തെ അവിടെ കാണാനായത് വലിയ സന്തോഷമായി. ക്രിക്കറ്റിലെ ഇതിഹാസ താരമായ ബ്രെറ്റ്ലീയെ കാണാനുള്ള അവസരവും ലഭിച്ചു. തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ,​ അവിടെ ഒരു ക്രിക്കറ്റ് പവലിയൻ നിർമ്മിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അവിടെ സൂക്ഷിക്കാനായി,​ മഹാനായ ആ ക്രിക്കറ്റർ സ്വന്തം കയ്യൊപ്പു ചാർത്തിയ ഒരു ബാറ്റും ബാളും സമ്മാനമായി എനിക്ക് നൽകുകയും ചെയ്തു.

ലോകം നന്മകളോടെ നിലനിൽക്കുമെന്ന പ്രതീക്ഷയാണ് സിഡ്നിയിൽ നിന്ന് കോമൺവെൽത്ത് പാർലമെന്റ് കോൺഫറൻസ് പങ്കുവച്ച സന്ദേശം. 68-ാമത് കോമൺവെൽത്ത് പാർലമെന്റ് കോൺഫറൻസ് 2025 ഒക്ടോബറിൽ ദ്വീപു രാജ്യമായ ബാർബഡോസിലെ ബ്രിഡ്ജ് ടൗണിലാണ് അരങ്ങേറുക.