
ജറുസലേം : തനിക്കെതിരെ അറസ്റ്ര് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അന്താരാഷ്ട്ര കോടതിയുടേത് ജൂതവിരുദ്ധ തീരുമാനമാണെന്നും ആധുനിക ഡ്രൈഫസ് വിചാരണയാണ് ഇതെന്നും നെതന്യാഹു പറഞ്ഞു. എക്സിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. തന്നെയും പ്രതിരോധ മന്ത്രിയെയും അന്യായമായി കുറ്റക്കാരാക്കിയെന്നായിരുന്നു എന്നും പല തവണ ഗാസയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഹമാസ് അവരെ മനുഷ്യ കവചങ്ങളാക്കി കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്നും നെതന്യാഹു പറഞ്ഞു. തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഇസ്രയേലിനെ സംരക്ഷിക്കുന്നതിന് തടസമാകില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. മനുഷ്യരാശിയെ സംരക്ഷിക്കാൻ ഹേഗിൽ സ്ഥാപിച്ച രാജ്യാന്തര ക്രിമിനൽ കോടതി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു. ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്’’ – ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഗാസയിലെ ജനങ്ങൾക്ക് ഇസ്രയേൽ ഭക്ഷണവും വെള്ളവും നിഷേധിച്ചുവെന്ന കോടതിയുടെ ആരോപണത്തിനും മറുപടി നൽകി. 700000 ടൺ ഭക്ഷണമാണ് ഇസ്രയേൽ ഗാസയിൽ എത്തിച്ചിരുന്നെന്നും, എന്നാൽ കൊണ്ട് പോയിരുന്ന ഭക്ഷണവും മറ്റും ഹമാസ് കൊള്ളയടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെതിരെ ഒരു പ്രകോപനമില്ലാതെ ഹമാസാണ് ആക്രമണം ആദ്യം തുടങ്ങിയതെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങളുടെ സ്ത്രീകളെ ഹമാസ് ബലാത്സംഗം ചെയ്യുമ്പോളും, പുരുഷന്മാരുടെ തലയറുക്കുമ്പോളും, നൂറുകണക്കിന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുമ്പോളും നിങ്ങൾ എവിടെയായിരുന്നു?' എന്ന് നെതന്യാഹു ചോദിച്ചു. ലോകത്ത് മറ്റിടങ്ങളിൽ നടക്കുന്ന യുദ്ധകുറ്റങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന ഐസിസി നടപടിയെയും നെതന്യാഹു വിമർശിച്ചു. കോടതി നടപടികളിലും, അതിന് പിന്തുണയുന്നവർക്കെതിരെയും, ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസമാണ് ഗാസയിലെ യുദ്ധക്കുറ്റത്തിൽ നെതന്യാഹുവിനെതിരെയും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ കണക്കിലെടുത്താണ് നെതന്യാഹുവിനും ഗാലന്റിനുമെതിരായ നടപടിയെന്ന് കോടതി പ്രസ്താവനയിൽ അറിയിച്ചു.
'ഡ്രെയ്‌ഫസ് ട്രയൽ'
1894 മുതൽ 1906 വരെയുള്ള കാലയളവിൽ, ജർമനിക്ക് സൈനീക രഹസ്യങ്ങൾ ചോർത്തി എന്നാരോപിച്ച്, ആൽഫ്രഡ് ഡ്രെയ്‌ഫസ് എന്ന ജൂത ഫ്രഞ്ച് ആർമി ഉദ്യോഗസ്ഥനെ തെറ്റായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ നടപടിയായിരുന്നു 'ഡ്രെയ്‌ഫസ് ട്രയൽ'. നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ജഡ്ജിയും ഫ്രഞ്ച് പൗരനാണ് എന്നതാണ് നെതന്യാഹു ഈ സംഭവത്തെ ഓർമ്മിപ്പിക്കാൻ കാരണം.