
ലാവോസ്: ആകാശത്തുവച്ച് സൈനിക വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ധാരണ. 21 ന് ലാവോസിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രി പാറ്റ് കോൺറോയും തമ്മിൽ നടത്തിയ ഉഭയകക്ഷിചർച്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം. ഇതോടെ ഇരുരാജ്യങ്ങളുടെയും വ്യോമസേനകളുടെ പ്രവർത്തന ശേഷി ഗണ്യമായി വർദ്ധിക്കും. കരാർ അനുസരിച്ച് ഓസ്ട്രേലിയയുടെ കെ.സി.– 30 എ മൾട്ടി-റോൾ ടാങ്കർ വിമാനങ്ങൾ നിന്ന് ആകാശത്തുവച്ചുതന്നെ ഇന്ത്യൻ സൈനിക വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ സാധിക്കും. യുദ്ധവിമാനങ്ങൾക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടിവരുമ്പോൾ സഹായകരമാണ് തീരുമാനം. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ഓസ്ട്രേലിയ– ഇന്ത്യ വ്യോമസേന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഓസ്ട്രേലിയൻ എയർഫോഴ്സ് ഡെപ്യൂട്ടി ചീഫ് എയർ വൈസ് മാർഷൽ ഹാർവി റെയ്നോൾസ് സമാന കരാറിൽ ഒപ്പുവച്ചിരുന്നു. യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അടക്കമുള്ളവരുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയ, ന്യൂസീലാന്‍ഡ് പ്രതിരോധ മന്ത്രിമാരുമായും രാജ്നാഥ് സിംഗ് ചർച്ച നടത്തി.