congress

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഒപ്പം സഹോദരി പ്രിയങ്ക ഗാന്ധി കൂടി ലോക്‌സഭയിലേക്ക് വരികയാണെന്നും അത് ബിജെപിക്ക് സമ്മാനിക്കുക ഉറക്കമില്ലാത്ത രാത്രികളായിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവും എഐസിസി സെക്രട്ടറിയുമായ സച്ചിന്‍ പൈലറ്റ്. വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ മാത്രമല്ല രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുള്ളവര്‍ക്കും പ്രിയങ്കരിയായി മാറിയിരിക്കുകയാണ്.

തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കില്ല പ്രിയങ്ക ഇടപെടുകയെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിന് പുറമേ രാജ്യത്തെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയും അവര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തും. സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി പാര്‍ലമെന്‍രിനുള്ളില്‍ ബിജെപിയെ നേരിടുകയാണ്. ഒപ്പമാണ് സഹോദരിയും എത്തുന്നത്.

അവര്‍ ഒരുമിച്ച് ചേരുമ്പോള്‍ അത് പാര്‍ലമെന്റിനുള്ളില്‍ എന്‍ഡിഎ മുന്നണിക്ക് സമ്മാനിക്കാന്‍ പോകുന്നത് ദുഷ്‌കരമായ ദിനങ്ങളായിരിക്കുമെന്നാണ് സ്ച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടത്. നാളെയാണ് പ്രിയങ്ക മത്സരിച്ച വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. വമ്പന്‍ ഭൂരിപക്ഷത്തില്‍ പ്രിയങ്ക വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും യുഡിഎഫും. സഹോദരന്‍ രാഹുല്‍ ഗാന്ധി വയനാട് നിന്നുള്ള ലോക്‌സഭാ അംഗത്വം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.

വയനാടിന് പുറമേ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളുടേയും ഫലപ്രഖ്യാപനം നാളെയാണ്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യം എണ്ണിത്തുടങ്ങുക. എട്ടര മണിയോടെ തന്നെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും.