police

കോഴിക്കോട്: ഒമ്പതംഗ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് നോക്കി നിന്ന ഡിവൈഎസ്പിക്ക് എതിരെ നടപടി. സംഭവത്തില്‍ ഇടപെടാതെ നോക്കി നിന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വി. ഹംസയെ സസ്‌പെന്‍ഡ് ചെയ്ത് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് ഹോട്ടലിലെ പാര്‍ക്കിംഗ് ഏര്യയില്‍ വെച്ച് യുവാവിനെ മര്‍ദ്ദിച്ചത്. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

അച്ചടക്ക സേനയിലെ അംഗമെന്ന നിലയില്‍ ഗുരുതര കൃത്യവിലോപം കാണിച്ചെന്നും കുറ്റക്കാരനായ ഉദ്യോഗസ്ഥന്‍ തല്‍സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ വര്‍ഷം സെപ്റ്റംബര്‍ 20ന് കോഴിക്കോട് സരോവരം പാര്‍ക്കിന് എതിര്‍വശത്ത് സ്ഥിതിചെയ്യുന്ന ഹോട്ടലില്‍ വെച്ചാണ് മര്‍ദ്ദനം നടന്നത്. കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിയായ യുവാവിനാണ് മര്‍ദ്ദനമേറ്റത്.

മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സംഘം പകര്‍ത്തുന്നതും ഹംസ നേരിട്ട് കണ്ടെങ്കിലും യുവാക്കളെ തടയാന്‍ ശ്രമിക്കുകപോലും ചെയ്തില്ല. ഇക്കാര്യം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് യുവാവ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. തുടര്‍ന്ന് പ്രാഥമികാന്വേഷണത്തില്‍ ഡിവൈ.എസ്.പിക്കെതിരായ പരാതി വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടതോടെ ഉദ്യോഗസ്ഥനെ മൂന്നാം പ്രതിയാക്കി കേസെടുത്തു. ഡിവൈ.എസ്.പി ഒന്നാംപ്രതിയുടെ ഹോട്ടലിലെ മുറിയിലേക്ക് പോകുന്നതുള്‍പ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.