
ജിദ്ദ: ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലിന്റെ അടുത്ത സീസണിന് മുന്നോടിയായി താരങ്ങളുടെ മെഗാ ലേലം ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് ലേലം ആരംഭിക്കുന്നത്.
മല്ലിക സാഗറായിരിക്കും ലേലം നിയന്ത്രിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 574 താരങ്ങളാണ് ലേലത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ 366പേരും ഇന്ത്യന്‍ താരങ്ങളാണ്. 1574 താരങ്ങളാണ് മെഗാ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഐ.പി.എല്‍ 2025 മാര്‍ച്ച് 14 മുതല്‍
അടുത്ത മൂന്ന് ഐ.പി.എല്‍ സീസണുകളുടെ തീയതികള്‍ ബി.സി.സി.ഐയും ഐ.പി.എല്‍ ഗവേണിംഗ് ബോഡിയു തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അടുത്ത ഐ.പി.എല്‍ സീസണ്‍ 2025 മാര്‍ച്ച് 14 മുതല്‍ മേയ് 25വരെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് സീസണുകളിലേയും പോലെ 74 മത്സരങ്ങളായിരിക്കും ഈ സീസണില്‍ ഉണ്ടായിരിക്കുക. 2022 സീസണില്‍ ആകെ 84 മത്സരങ്ങളുണ്ടായിരുന്നു. 2026 ഐ.പി.എല്‍ സീസണ്‍ മാര്‍ച്ച് 15 മുതല്‍ മേയ് 31വരെയും 2027ലെ സീസണ്‍ മാര്‍ച്ച് 14 മുതല്‍ മേയ് 30വരെയുമാണന്നാണ് അറിയാന്‍ കഴിയുന്നത്. അടുത്ത മൂന്ന് സീസണുകളുടേയും തീയതികള്‍ അറിയിച്ച് ടീ ഫ്രാഞ്ചൈസികള്‍ക്ക് മെയില്‍ അയച്ചുവെന്നാണ് വിവരം.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആയിരിക്കും ഏറ്റവും വിലയേറിയ താരം എന്നാണ് അഭ്യൂഹങ്ങള്‍. ടീമുകള്‍ നിലനിര്‍ത്താത്ത നിരവധി ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും വന്‍ വിലയ്ക്ക് വിറ്റ് പോകുന്നതിനും ഇത്തവണത്തെ താരലേലം സാക്ഷ്യം വഹിച്ചേക്കും.