case-diary-

തൃശൂർ : പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യക്ക് കൂട്ടിരിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിനതടവും 1,​10,​ 000 രൂപ പിഴശിക്ഷയും വിധിച്ചു. സ്വർണക്കച്ചവടക്കാരനായ ചെറുതുരുത്തി പള്ളം ആറ്റൂർ കണ്ടംപുള്ളി വീട്ടിൽ സുരേഷിനെയാണ് (45)​ കുന്നംകുളം പോക്സോ കോടതി ജഡ‌്ജി എസ്. ലിഷ ശിക്ഷിച്ചത്.

2008ൽ ആണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ പ്രസവ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ പരിചരിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെയാണ് സുരേഷ് ബലാത്സംഗത്തിനിരയാക്കിയത്. കുട്ടിയെ വിവിധയിടങ്ങളിൽ വച്ച് ബലാത്സംഗം ചെയ്തതായാണ് റിപ്പോർട്ട്.

ഭാര്യയെ ലേബർ റൂമിലേക്ക് കൊണ്ടുപോയ സമയം ആശുപത്രിയിലെ മുറിയിൽ വച്ചും 2012ൽ കോയമ്പത്തൂരിലെ വീട്ടിൽ വച്ചും 2019 ഡിസംബറിൽ പ്രതിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചു,​ പീഡിപ്പിച്ചത് മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും പുറത്തുപറഞ്ഞാൽ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് പ്രതിയുടെ ഭാര്യ ഭർ‌ത്താവിനെതിരെ കുടുംബ കോടതിയിൽ കേസ് കൊടുത്തപ്പോൾ പെൺകുട്ടിയെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് 2021 ജനുവരിയിൽ എരുമപ്പെട്ടി പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.