
ഇടുക്കി : പെൺമക്കളെ വർഷങ്ങളായി പീഡിപ്പിച്ചു വന്ന അച്ഛൻ അറസ്റ്റിൽ. ഇടുക്കി ബൈസൺവാലിയിലാണ് 19ഉം 17ഉം 16ും വയസുള്ള പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചുവന്നത്. സ്കൂളിൽ നടത്തിയ കൗൺസലിംഗിനിടെയാണ് കുട്ടികളിലൊരാൾ പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് പെൺകുട്ടികൾ ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് രാജാക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. ഇവർ ഇതിനുള്ള മരുന്ന കഴിച്ച് മയങ്ങിക്കിടക്കുമ്പോഴാണ് അച്ഛൻ പെൺകുട്ടികളെ വർഷങ്ങളായി ദുരുപയോഗം ചെയ്തു വന്നത്. വിവരം പുറത്തുപറയാതിരിക്കാൻ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുട്ടികൾ പൊലീസിന് മൊഴി നൽകി. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് കേസെടുത്തിരിക്കുന്നത്.