
കോട്ടയം : നാട്ടിന്‍പുറത്ത് ആടുവളര്‍ത്തല്‍ കുറഞ്ഞതോടെ ആട്ടിന്‍പാലിന് ക്ഷാമവും വിലയില്‍ കുതിപ്പും. ലിറ്ററിന് 70 ആയിരുന്ന പാലിന് 100 രൂപയായി. സമീപകാലത്തെ റെക്കാഡ് വിലയാണിത്. സാധാരണ വീട്ടമ്മമാരായിരുന്നു മലബാറി, അട്ടപ്പാടി, ബ്ലാക്ക് തുടങ്ങിയ നാടന്‍ ആടുകളെ വളര്‍ത്തിയിരുന്നത്. പാലിന്റെ അളവ് കുറവും സംരക്ഷണ ചെലവ് കൂടിയതും രോഗ കാരണങ്ങളാലും മിക്കവരും ആടു വളര്‍ത്തല്‍ ഉപേക്ഷിച്ചു. ഉത്തരേന്ത്യന്‍ ആടുകളില്‍ നിന്ന് കൂടുതല്‍ പാല്‍ ലഭിക്കുമെങ്കിലും വിലയും പരിപാലന ചെലവും കൂടുതലാണ്.
ഫാം നടത്തിപ്പുകാരാണ് ഇത്തരം ആടുകളെ വളര്‍ത്തുന്നത്. പാല്‍ വില കൂടിയത് ഇവര്‍ക്ക് നേട്ടമായി. ജില്ലയില്‍ കടുത്തുരുത്തി, പാമ്പാടി, മണിമല, തെങ്ങണ എന്നിവിടങ്ങളിലാണ് ആടുവളര്‍ത്തില്‍ കൂടുതല്‍. പ്രായമായവര്‍ക്കും ഹൃദ്രോഗമുള്ളവര്‍ക്കും ഏറെ ഗുണകരമാണ് നാടന്‍ ആട്ടിന്‍പാല്‍. ആട്ടിറച്ചിയ്ക്കും വില ഉയര്‍ന്നു. 900 രൂപ. പുതിയ ആടുവളര്‍ത്തല്‍ പദ്ധതിയോ തീറ്റയ്ക്കായി സബ്സിഡിയോ ആനുകൂല്യങ്ങളോ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
അതിര്‍ത്തി കടന്ന് രോഗങ്ങള്‍
അന്യസംസ്ഥാനത്ത് നിന്നുള്ള ആടുകള്‍ കേരളത്തില്‍ ഇടംപിടിച്ചതോടെ നാടന്‍ ഇനത്തിന് പ്രതിസന്ധി നേരിട്ടു.
ഇതിനൊപ്പം ആടുകള്‍ക്ക് രോഗങ്ങള്‍ കൂടി പിടിപെടുന്നത് കര്‍ഷകരെ വലയ്ക്കുന്നുണ്ട്. അതിര്‍ത്തി കടന്നെത്തിയ ആടുകള്‍ വന്നതോടെ നാടന്‍ ഇനങ്ങള്‍ക്ക് പ്രതിരോധ വാക്സിന്‍ എടുക്കേണ്ട സ്ഥിതിയാണ്. സൗജന്യവാക്സിന്‍ എടുക്കാന്‍ മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ നിരവധി ആടുകളാണ് ചത്തത്. അകിടുവീക്കം, കുളമ്പുരോഗം, പ്ലൂറോ ന്യൂമോണിയ, ടെറ്റനസ്.വയറുകടി,വിറ്റാമിനുകളും ധാതുലവണങ്ങളുടേയും കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും ബാധിക്കുന്നത്. ഇത് പാല്‍ ഉത്പാദനം കുറയുന്നതിനും മരണത്തിനുമിടയാക്കും.
പരിപാലനച്ചെലവേറി
ആടുകള്‍ക്ക് നല്‍കാനുള്ള തീറ്റക്ക് മുന്‍ വര്‍ഷത്തെക്കാള്‍ വില ഉയര്‍ന്നു. 15 രൂപയായിരുന്ന ഗോതമ്പ് ഉമിക്ക് ഇപ്പോള്‍ 33 ഉം പിണ്ണാക്കിന് 55 - 60 വരെയുമാണ് വില. പരീക്ഷണാടിസ്ഥാനത്തില്‍ നാടന്‍ ഇനവും ഇതര ഇനവും തമ്മില്‍ ക്രോസ് ചെയ്തുള്ള സങ്കരയിനങ്ങളിലെ പോരായ്മകളും മേഖലയെ ബാധിച്ചു.
''സബ്‌സിഡി നിരക്കില്‍ തീറ്റ ലഭ്യമാക്കി പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം -(എബി ഐപ്പ്, കര്‍ഷക കോണ്‍ഗ്രസ് )